pic

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മാടുകളുടെ വരവ് നിലച്ചതോടെ സംസ്ഥാനത്ത് മാട്ടിറച്ചിയ്ക്ക് തീവില. റംസാൻ വ്രതാരംഭം തുടങ്ങിയതോടെ പെരുന്നാൾ മുന്നിൽകണ്ട് നാട്ടിൻപുറങ്ങളിൽ നാടൻ ഉരുക്കൾക്കും തോന്നുംപടി വിലയായതോടെ നോമ്പ് തുറയ്ക്കും വീടുകളിലും മറ്റും ആഘോഷങ്ങൾക്കും മാട്ടിറച്ചി വാങ്ങാനാകാത്ത സ്ഥിതിയാണ്. കൊവിഡിന് മുമ്പ് കിലോഗ്രാമിന് 350 രൂപയായിരുന്ന പോത്തിറച്ചിയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 500 രൂപവരെയായി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം മാംസാഹാരം കഴിക്കുന്നവരാണ് മലയാളികൾ. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ കശാപ്പിനാവശ്യമായ ഉരുക്കൾ എത്തിക്കൊണ്ടിരുന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി അയൽസംസ്ഥാനങ്ങളിൽ കന്നുകാലിച്ചന്തകൾ പ്രവർത്തിക്കാതാവുകയും ലോറികളുടെ വരവ് നിലയ്ക്കുകയും ചെയ്തതോടെ ഇവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള കാലിവരവ് നിലച്ചു. ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ ബാറുകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയും വിവാഹം പോലുള്ള ചടങ്ങുകൾ മാറ്റിവയ്ക്കുകയും ചെയ്തതോടെ ലോക്ക് ഡൗണിന്റെ തുടക്കത്തിൽ മാട്ടിറച്ചി വ്യാപാരം കേരളത്തിൽ നിലച്ചു. എന്നാൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചശേഷം ഹോട്ടലുകളിൽ പാഴ്സൽ ഭക്ഷണം നൽകാനുളള സംവിധാനം ആരംഭിച്ചപ്പോഴാണ് കേരളത്തിൽ വീണ്ടും കശാപ്പിനായി ആടുമാടുകളുടെ ആവശ്യമുണ്ടായത്.

റംസാൻ വ്രതാരംഭം തുടങ്ങിയതോടെ മുസ്ളീം ഭവനങ്ങളിലും പോത്ത്, ആട് എന്നിവയുടെ ഇറച്ചികൾക്ക് ഡിമാൻഡേറി. പുറത്ത് നിന്നുള്ള ആടുമാടുകളുടെ വരവ് നിലച്ചതോടെ നാട്ടിൻപുറങ്ങളിലെ കർഷകരിൽ നിന്നാണ് കശാപ്പുകാർ ഇപ്പോൾ ഉരുക്കളെ വാങ്ങുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് എത്തിച്ചിരുന്നത്. കൊവിഡ് ബാധയും ലോക്ക് ഡൗണും വന്നതോടെ അന്തർസംസ്ഥാന പാതകൾ അടച്ചു. അന്തർജില്ലാ റോഡുകളും അടച്ചതോടെയാണ് അറവുമാടുകളെ കയറ്റിയുള്ള ലോറി വരവു നിലച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ തമിഴകത്തെ കമ്പം തേനി വഴി കുമളിയിലെത്തിയും, ആര്യങ്കാവ് ചെക്ക് പോസ്റ്റു കടന്നുമാണ് വരണ്ടത്. കേരളത്തിലെ പ്രധാന മാർക്കറ്റായ പാലക്കാട്ട് കുഴൽമന്ദത്തു നിന്നു വാങ്ങിയാലും പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം,ആലപ്പുഴ ജില്ലകൾ താണ്ടണം. മറ്റൊരു പ്രതിസന്ധി തമിഴകത്തെ കാലിച്ചന്തകൾ അടച്ചിട്ടിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഗ്രാമങ്ങളിൽ എത്തി നേരിട്ടാണ് അറവുമാടുകളെ വാങ്ങുന്നത്. കമ്പോളങ്ങൾ പ്രവർത്തിക്കാത്തതിനാൽ വീടുകളിലെ വളർത്തുമൃഗങ്ങൾക്ക് വൻ ഡിമാന്റാണ്. ഉടമകൾ ചോദിക്കുന്ന വില നൽകിയാലേ കശാപ്പിനായി ഇവയെ വാങ്ങാൻ കഴിയൂ. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ആടുമാടുകളുടെ വരവ് നിലച്ചതോടെ കർഷകരും വൻവിലയാണ് ആവശ്യപ്പെടുന്നത്. ഇറച്ചി ആവശ്യത്തിനായതിനാൽ മാടുകളുടെ തൂക്കം കണക്കാക്കിയേ കച്ചവടക്കാർ വിലപറയൂ. ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് ഇവയെ വിലയ്ക്ക് വാങ്ങി പട്ടണങ്ങളിലെത്തിക്കുന്നതിനുള്ള വാഹനക്കൂലിയും തൊഴിലാളികളുടെ ശമ്പളവും കഴിച്ചാൽ ഇതിൽ നിന്ന് കാര്യമായ നേട്ടം കച്ചവടക്കാർക്കും ഉണ്ടാകാറില്ല.

സംസ്ഥാനത്ത് മാട്ടിറച്ചി ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്. പ്രതിദിനം 500 ടൺ ഇറച്ചിയാണ് ഇവിടങ്ങളിൽ മാത്രം വിറ്റഴിയുക. വില്പനശാലകൾ കൂടാതെ കോൾഡ് സ്റ്റോറേജുകളിലും മാളുകളിലും മാംസ വില്പന നടക്കുന്നു. നാട്ടിൻപുറങ്ങളിൽ കച്ചവടക്കാ‌ർ മത്സരിച്ച് ഇറങ്ങിയതോടെ ആടിനെയും പോത്തിനെയും കിട്ടാനില്ലാത്ത സ്ഥിതിവിശേഷവുമുണ്ട്. നാട്ടിൻപുറങ്ങളിൽ കിലോയ്ക്ക് 600 രൂപയായിരുന്ന ആട്ടിറച്ചിയ്ക്ക് ഇപ്പോൾ ചിലയിടങ്ങളിൽ 750 രൂപാവരെയായി വില. ആടുമാടുകൾക്ക് വിലകൂടിയതോടെ ആളുകൾ കോഴിയിലേക്ക് തിരിഞ്ഞത് കോഴിവില കുതിച്ച് കയറാനും കാരണമായിട്ടുണ്ട്. ഒന്നരമാസം മുമ്പ് പക്ഷിപ്പനിയെ തുട‌ർന്ന് കിലോയ്ക്ക് 20 രൂപാവരെയായ കോഴിയ്ക്ക് പത്തിരട്ടിയാണ് ഇന്നത്തെ മാർക്കറ്റ് വില. റംസാൻ അടുക്കുന്തോറും കോഴിവില ഇനിയും കൂടുമെന്നാണ് സൂചന.