column

ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് തൊഴിലാളികളാണ്. തൊഴിലും, വരുമാനവും നഷ്ടപ്പെട്ട് ജീവിതം തിരിച്ച് പിടിക്കാനായി പാടുപെടുന്ന സമയത്താണ് ഇരുട്ടടിപോലെ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി. സർക്കാരും നിരവധി തൊഴിലാളി വിരുദ്ധ നയങ്ങൾ അവർക്ക്‌മേൽ അടിച്ചേൽപ്പിക്കുന്നത്. തൊഴിൽ സമയം എട്ട് മണിക്കൂർ എന്നത് പന്ത്രണ്ട് മണിക്കൂർ ആക്കുക, സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങൾ മരവിപ്പിക്കുക തുടങ്ങിയ സങ്കല്പിക്കാൻ കഴിയാത്ത നടപടികളാണ് സ്വീകരിക്കുന്നത്.

ഇത് രാജ്യത്ത് അടിമപ്പണി വർധിക്കാൻ ഇടയാക്കും. ആറ് വർഷങ്ങൾക്ക് മൂമ്പ് രാജസ്ഥാൻ സർക്കാർ നടപ്പാക്കിയ തൊഴിൽ നിയമ പരിഷ്‌കരണങ്ങൾ മോദി ഏറ്റെടുക്കുകയായിരുന്നു. 44 തൊഴിൽ നിയമങ്ങളെ 4 ലേബർ കോഡുകളാക്കി ഭേദഗതി ചെയ്യുന്നു. ഇതിലൊന്നായ കോഡ് ഓൺ വേജസ് പാർലമെന്റ്പാസാക്കി. ഇതിനെ എതിർക്കാൻ ഇടതുപക്ഷ അംഗങ്ങൾ മാത്രമേയുണ്ടായിരുന്നുളളു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ നിലപാട് തൊഴിൽ നിയമങ്ങൾ ആവശ്യമില്ലെന്നാണ്.

ലോക്ഡൗണിന്റെ മറവിൽ നടത്തുന്ന തൊഴിൽ നിയമങ്ങളുടെ അട്ടിമറി യഥാർത്ഥത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കൺവെൻഷനുകൾക്ക് എതിരാണ്. രാജസ്ഥാനിലും മറ്റും തൊഴിൽ നിയമം പരിഷ്‌കരണം നടപ്പാക്കി കഴിഞ്ഞ് 2 വർഷത്തിനുശേഷം നടത്തിയ പഠനത്തിൽ പറയുന്നത് തൊഴിൽ നിയമ ഭേദഗതി കുടുതൽ നിക്ഷേപം ആകർഷിക്കുന്നതിന് സഹായിച്ചിട്ടില്ല

മഹാമാരി ഏറ്റവും അധികം ബാധിച്ചത് ആരോഗ്യമേഖല സ്വകാര്യവത്കരിച്ച രാജ്യങ്ങളെയാണ്. ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടായി.

പകർച്ച വ്യാധിയിൽ നിന്ന് അധികം ലാഭം നേടാൻ കഴിയാത്ത സ്വകാര്യ ആശുപത്രികൾ പരിമിതമായ തോതിൽ മാത്രമാണ് ചികിത്സ നടത്തിയത്. പുര കത്തുമ്പോൾ വാഴവെട്ടുക എന്ന നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ജനങ്ങൾ ഭീതിയിൽ വീട്ടിൽ കഴിയുമ്പോൾ ദേശ വിരുദ്ധ, ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ അതിന്റെ മറവിൽ നടപ്പാക്കുന്നു. രാജ്യത്തിന്റെ നിലനിൽപിനെ അപകടത്തിലാക്കുന്ന പ്രതിലോമകരമായ തീരുമാനങ്ങൾ മോദി സർക്കാർ ഉപേക്ഷിക്കണം. ജനങ്ങളെ ബന്ധിയാക്കി അടിച്ചേൽപ്പിക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങൾക്കു എതിരായി അതി ശക്തമായ പ്രക്ഷോഭങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്നത്.

സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ