kaumudy-news-headlines


1. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ഉംപുണ്‍ ഇന്ന് ഉച്ചയോടെ കരതൊടും. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയില്‍ കരതൊടും എന്നാണ് കരുതുന്നത്. 275 കിലോമീറ്ററില്‍ ഏറെ വേഗത്തിലാണ് ചുഴലിക്കാറ്റ് മുന്നേറുന്നത്. ഒഡിഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ എല്ലാം ശക്തമായ കാറ്റ് വീശുന്നുണ്ട്. നേരത്തെ ഒഡിഷയുടെ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തും എന്നാണ് കരുതിയത് എങ്കിലും ദിശ വടക്കു കിഴക്കന്‍ ഭാഗത്തേക്ക് മാറി. ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന് സമാന്തരമായി വടക്ക് ,വടക്കു കിഴക്ക് ദിശയിലാണു സഞ്ചാരപഥം. മേഖലയില്‍ അതിശക്തമായ കടല്‍ ക്ഷോഭവും തുടങ്ങി. ഈ ഘട്ടത്തില്‍ 175 കിലോമീറ്റര്‍ വരെ കാറ്റിന് വേഗം ഉണ്ടാകുമെന്ന് കരുതുന്നു. അതിനാല്‍ തന്നെ വലിയ നാശനഷ്ടം ഉണ്ടായേക്കും എന്നാണ് കണക്കു കൂട്ടല്‍.


2. ഉംപുണിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം കൂടിയായതോടെ ആണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. 65 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഇടിയും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീര പ്രദേശങ്ങളില്‍ 50 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്.
3. വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കലില്‍ യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ സംഘര്‍ഷം. കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതിന് എതിരെയുള്ള ഡി.വൈ.എഫ്.ഐ പ്രതിഷേധമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഓഫീസ് പടിക്കലില്‍ യൂത്ത് കോണ്‍ഗ്രസ് സമരം നടക്കുന്നതിന് ഇടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരപന്തല്‍ ആക്രമിച്ചു. തുടര്‍ന്ന് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുമുണ്ടായി. പൊലീസ് എത്തി ലാത്തി വീശിയാണ് പ്രതിഷേധക്കാരെ ഓടിച്ചത്. എന്നാല്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ് എന്നാണ് വിവരം.
4. നാട്ടിലേക്ക് പോകണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഉത്തര്‍പ്രദേശിലേക്ക് ട്രെയിന്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വളപ്പട്ടണത്തു നിന്ന് റെയില്‍ പാളത്തിലൂടെ നടന്നാണ് നൂറ് കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഭക്ഷണമില്ല എന്നും താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്താക്കുന്നു എന്നും തൊഴിലാളികള്‍ പറയുന്നു. ബാഗും വസ്ത്രങ്ങളും ഉള്‍പ്പെടെ തിരിച്ചു പോകുന്നതിന് തയ്യാറായാണ് തൊഴിലാളികള്‍ എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചവരെ പൊലീസ് തടഞ്ഞു.
5. അതിനിടെ, രാജ്യത്ത് രണ്ടു സ്ഥലങ്ങളിലായി ഉണ്ടായ വാഹന അപകടങ്ങളില്‍ ഏഴു കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലുമാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്നും ജാര്‍ഖണ്ഡിലേക്കു പോയ ബസ് ട്രക്കില്‍ ഇടിച്ച് നാലു പേരാണ് മരിച്ചത്. പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സി മിര്‍സാപുര്‍ ഹൈവേയില്‍ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് മൂന്നു പേരാണ് മരിച്ചത്. മരിച്ച മൂന്നു പേരും സ്ത്രീകളാണ്. പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കുടിയേറ്റ് തൊഴിലാളികളുടെ പാലായനവും ആയി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി വീണ്ടും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പു വരുത്തണമെന്ന് കത്തില്‍ നിര്‍ദേശം.
6. സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ജില്ലകളില്‍ സര്‍വീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തിയാല്‍ മതി എന്നാണ് നിര്‍ദേശം. സര്‍വീസിനുള്ള തയാറെടുപ്പ് കെ.എസ്.ആര്‍.ടി.സി തുടങ്ങിയിട്ടുണ്ട്. ഓരോ യൂണിറ്റിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയറാക്കി കഴിഞ്ഞു. പുതുക്കിയ നിരക്ക് ടിക്കറ്റ് മെഷീനില്‍ അപ് ലോഡ് ചെയ്യണം. തിരക്കുള്ള രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകും. അല്ലാത്ത സമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. ജീവനക്കാര്‍ക്കുള്ള മാസ്‌കും ബസുകളിലേക്ക് ആവശ്യമായ സാനിറ്റൈസറും എല്ലായിടത്തും എത്തിച്ചു കഴിഞ്ഞു. 23 മുതല്‍ 27വരെ യാത്രക്കാരെ ഒരു ബസില്‍ കയറ്റു. മാസ്‌കും നിര്‍ബന്ധമാണ്. ടിക്കറ്റ് നിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
7. അതേസമയം ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്നാണ് സ്വകാര്യ ബസുടകളുടെ നിലപാട്. സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല എന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ല എന്ന നിലപാട് മാറ്റണം. സ്വകാര്യ ബസുടമകള്‍ സാഹചര്യം മനസിലാക്കി പെരുമാറണം എന്നും മന്ത്രി പറഞ്ഞു.