pic

വാഷിംഗ്ടൺ​: ലോകാരോഗ്യ സംഘടന 30 ദിവസത്തിനുള്ളിൽ നന്നായി​ല്ലെങ്കി​ൽ സംഘടനയ്ക്ക് നൽകി വരുന്ന ധനനിക്ഷേപം നിറുത്തി​വയ്ക്കുമെന്ന ഭീഷണി​യുമായി​ അമേരി​ക്കൻ പ്രസി​ഡന്റ് ഡൊണാൾ ട്രംപ്. കൊവിഡ് വിഷയത്തിൽ ഡബ്ല്യു.എച്ച്.ഒ തെറ്റായ ചുവടുവയ്പ്പുകൾ ആവർത്തിച്ചതിനാലാണ് ലോകത്തിന് വലിയ വില നൽകേണ്ടി വന്നതെന്നും ചൈനയുടെ സ്വാധീനത്തിൽ നിന്ന് പുറത്ത് കടന്നാൽ മാത്രമേ സംഘടനയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളുവെന്നും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽതെദ്രോസ് അദനോം ഗുട്ടറോസിസിന് അയച്ച കത്തിൽ ട്രംപ് സൂചിപ്പിച്ചു.

ചൈനയുമായുള്ള പ്രത്യേകബന്ധവും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ വരുത്തിയ വീഴ്ചയും ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് നൽകി വന്നിരുന്ന ഫണ്ട് കഴിഞ്ഞമാസം പകുതിയോടെ അമേരിക്ക താൽക്കാലികമായി നിറുത്തിവച്ചിരുന്നു. കൊവിഡിനെതിരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്രവിശകലനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച പറഞ്ഞിരുന്നു. ഡബ്ല്യു.എച്ച്.ഒ നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായതായും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിമർശനാത്മകമായ വിലയിരുത്തലുകൾ സ്വാഗതം ചെയ്യുന്നുവെന്നും വീഡിയോ കോൺഫറസിൽ തെദ്രോസ് അദനോം പറഞ്ഞിരുന്നു.