kitchen-garden

അടുക്കളത്തോട്ടത്തിലും ടെറസിലും കൃഷി ചെയ്യത് ഇത് വരെയും വിജയം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന പലരും നമുക്ക് ചുട്ടുമുണ്ട്. അവർക്ക് കഴിയുന്ന രീതിയിലെല്ലാം അവർ കൃഷി സംരക്ഷിക്കുന്നുണ്ട്. എങ്കിലും കൃഷിയിൽ വിജയം കണ്ടെത്താൻ അവർക്ക് സാധിക്കുന്നില്ല. എന്നാൽ കർഷകർ വർഷങ്ങളായി കീടങ്ങളെ തുരത്താനും വിളവ് വർധിപ്പിക്കാനും പരീക്ഷിച്ച് വിജയിച്ച ചില മാർഗ്ഗങ്ങളുണ്ട്. ഇത് വരെയും നമ്മൾ ഇത്തരം മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടുണ്ടാകില്ല. എന്നാൽ ഇതൊന്ന് പരീക്ഷിച്ച് നോക്കിയാൽ ഉറപ്പായും അടുക്കളത്തോട്ട കൃഷിയെ വിജയിപ്പിക്കാൻ സഹായിക്കുന്നതാണ്.

1. മത്സ്യം കഴുകിയ വെള്ളം ചെടികളുടെ ചുവട്ടിൽ നിന്ന് ഒന്നരയടി മാറ്റി തടത്തിന് ചുറ്റും ഒഴിച്ച് കൊടുത്താൽ ചെടികളിൽ വിളവ് കൂടും.

2. വഴുതന കിളിർത്തതിന് ശേഷം ആഴ്ചയിൽ ഒരിക്കൽ എന്ന കണക്കിൽ ഏഴാഴ്ച തുടർച്ചയായി ചാണകമിട്ടാൽ എട്ടാമത്തെ ആഴ്ച കായ് പറിക്കാം.

3. ആട്ടിന്‍ കാഷ്ഠം പെട്ടെന്ന് പൊടിഞ്ഞ് കിട്ടാൻ കുമ്മായം വിതറി ഇളക്കി ചാക്കിൽ കെട്ടിവെക്കുക.

4. കോവലിന്റെ ഇല മുരടിപ്പ് നിയന്ത്രിക്കാൻ പച്ചച്ചാണകം വെള്ളത്തിൽ കലക്കി നേർപ്പിച്ച് രണ്ടാഴ്ച് കൂടുമ്പോൾ തളിക്കുക.

5. പച്ചക്കറിത്തടത്തിൽ ശീമക്കൊന്നയിലക്കൊണ്ട് പുതയിട്ടാൽ കീടബാധ കുറയും.

6. മുളകിന്റെ കുരുടിപ്പ് മാറ്റാൻ റബർ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.

7. മത്തനിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കാൻ വള്ളി വരുമ്പോൾ ഒരോ മൂട്ടിലും ഒരോ പിടി പച്ചച്ചാണകം വയ്ക്കുക.

8. മണ്ണ് നനച്ച ശേഷം വിളവെടുത്താല്‍ കപ്പ, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ മുറിയാതെ ലഭിക്കും.

9. കരിയില, ഉണങ്ങിയ പുല്ല്, ഉമി, തവിട്, വൈക്കോൽ, കുളത്തിലെ പായൽ, ജലസസ്യങ്ങൾ, പച്ചിലകൾ തീപ്പെട്ടി കമ്പനിയിലെ അവശിഷ്ടങ്ങൾ, ചകിരിച്ചോറ്, തൊണ്ട്, ഓലമടൽ തുടങ്ങിയവ പുതയിടാൻ ഉപയോഗിക്കാവുന്നതാണ്.