pic

കൊല്ലം: അബുദാബിയില്‍ നിന്ന് കഴിഞ്ഞ ദിവസം കൊവിഡ് മറച്ചുവെച്ച്‌ എത്തിയ മൂന്ന് യാത്രക്കാരുടെ സഹയാത്രികരുടെ സാമ്പിളുകൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം. മൂന്ന് പേര്‍ക്കൊപ്പം വിമാനത്തിലും വിമാനത്താവളത്തില്‍ നിന്ന് ബസില്‍ കൊല്ലത്തേക്കും യാത്ര ചെയ്തവര്‍ക്കാണ് കൊവിഡ് പരിശോധന നടത്തുക. അബുദാബിയില്‍ നിന്ന് 45 പേരാണ് കൊല്ലം ജില്ലയിലേക്ക് വന്നിട്ടുള്ളത്. അതില്‍ 40 പേര്‍ കൊട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. ഗര്‍ഭിണികളായ കുറച്ച് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണുള്ളത്. ഇവരുടെയെല്ലാം സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അബുദാബിയില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് അവിടെ വച്ച് തന്നെ രോഗമുണ്ടായിരുന്നു. രോഗവിവരം മറച്ചുവെച്ചു കൊണ്ടാണ് അവര്‍ വിമാനത്തില്‍ കയറിയത്. കെ.എസ്.ആര്‍.ടി.സി ബസില്‍ വരുന്ന സമയത്ത് രോഗമുണ്ടെന്ന വിവരം ഇവര്‍ പരസ്പരം സംസാരിക്കുന്നത് സഹയാത്രികന്‍ അറിയുകയും അദ്ദേഹം പോലീസിനെ അറിയിക്കുകയുമായിരുന്നു.

അതിനാല്‍ തന്നെ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാമെന്ന സംശയം ആരോഗ്യവകുപ്പിനുണ്ട്. ഇതേ തുടർന്നാണ് സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി സാമ്പിളുകകള്‍ ശേഖരിക്കാനാണ് തീരുമാനം. അതേസമയം രോഗം മറച്ച് കേരളത്തിലേക്ക് എത്തിയ മൂന്ന് പേർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.