മലപ്പുറം: കൊവിഡ് റെഡ് സ്‌പോട്ടായ ചെന്നൈയിൽ നിന്ന് മലപ്പുറത്തെത്തിയവരെ ക്വാറന്റൈനിൽ ആക്കുന്നതിൽ ഗുരുതര സുരക്ഷാ വീഴ്ച. ചെന്നൈയിലെ മണലിയിൽ നിന്ന് ഇന്ന് രാവിലെ ടൂറിസ്റ്റ് ബസിൽ മലപ്പുറം കുന്നുമ്മൽ ടൗണിലെത്തിയ പന്ത്രണ്ട് പേരാണ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോവാൻ ആളെത്താത്തതിനെ തുടർന്ന് നടുറോഡിൽ നിൽക്കേണ്ടി വന്നത്. ഇവർ തിരക്കേറിയ സ്ഥലത്ത് സുരക്ഷാമുൻകരുതൽ സ്വീകരിക്കാതെ നിൽക്കുന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് ആരോപണം.
ഇവർ ഇവിടെയെത്തുന്നത് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോവാൻ എത്തേണ്ടവർ സമയത്ത് എത്തിയില്ലെന്നാണ് പറയുന്നത്. പന്ത്രണ്ട് പേരെ ഇവിടെയിറക്കി ബാക്കിയുള്ളവരെ മഞ്ചേരിയിലിറക്കാനായി ബസ് അങ്ങോട്ട് പോയി. ഇവർക്കായി നാട്ടിലെ മദ്രസയിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.