pic

തിരുവനന്തപുരം: സ്വകാര്യ ബാറുകളിലൂടെ ബെവ്കോ നിരക്കിൽ മദ്യം പാഴ്സലായി നൽകാനുള്ള സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ബെവ്കോ തൊഴിലാളികൾ പ്രക്ഷോഭം തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും എക്സൈസ് ആസ്ഥാനങ്ങള്‍ക്ക് മുന്നിലും തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി. ബെവ്കോയേക്കാള്‍ ഇരട്ടിയിലേറെ സ്വകാര്യ ബാറുകള്‍ ഉള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ബെവ്ക്കോയുടെ വരുമാനം ഗണ്യമായി കുറക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ബെവ്കോ പ്രതിസന്ധിയിലായാല്‍ മുവ്വായിരത്തോളം തൊഴിലാളികളെ അത് ബാധിക്കും. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് 13 ജില്ലകളില്‍ എക്സൈസ് ജോയിന്‍റ് കമ്മീഷണര്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് എക്സൈസ് ആസ്ഥാനത്തിന് മുന്നിലും തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി. ഐ.എന്‍.ടി.യു.സി അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസിന്‍റെ നേതൃത്ത്വത്തിലായിരുന്നു ധര്‍ണ്ണ.

സംസ്ഥാനത്ത് ബെവ്കോയുടെ 270 ഉം കണ്‍സ്യൂമര്‍ഫെഡിന്‍റെ 30 ഉം മദ്യവില്‍പ്പന കേന്ദ്രങ്ങളാണ് ഉള്ളത്. എന്നാല്‍ സ്വകാര്യ മേഖലയില്‍ 605 ബാറുകളും മുന്നൂറോളം ബിയര്‍-വൈന്‍ പാര്‍ലറുകളും ഉണ്ട്. കൊവിഡ് ലോക്ക് ഡൗൺ സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ബാറുകള്‍ വഴി ബെവ്കോയുടെ നിരക്കില്‍ മദ്യം പാഴ്സലായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെയാണ് തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നത്.