ബ്രസൽസ്: മുദ്രാവാക്യം വിളിയോ മുഷ്ടി ചുരുട്ടലോ ഒന്നും ഇല്ലാതെ പിൻതിരിഞ്ഞ് നിന്നുള്ള പ്രതിഷേധത്തിൽ നാണംകെട്ടിരിക്കുകയാണ് ബെൽജിയം പ്രധാനമന്ത്രി സോഫി വിൽമസ്. ആരോഗ്യ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വേറിട്ട പ്രതിഷേധത്തിനാണ് പ്രധാനമന്ത്രി ഇരയായത്. കൊവിഡ് ബാധിതരായ അനേകം രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രിയിൽ എത്തിയപ്പോഴാണ് അനാദരവ്.
നഴ്‌സിംഗ് ഉദ്യോഗസ്ഥരെ സഹായിക്കാൻ യോഗ്യതയില്ലാത്തവരെ നിയമിച്ചതും, രോഗം ഇത്രയും തീവ്രമായിട്ടും ആശുപത്രി സന്ദർശിക്കാൻ വൈകിയതുമാണ് പ്രതിഷേധത്തിന് കാരണം. പ്രധാനമന്ത്രിയുടെ കാർ കടന്നു വരുമ്പോൾ അവരെ ഗൗനിക്കാതെ അനാദരവ് പ്രകടിപ്പിക്കുകയായിരുന്നു. തലസ്ഥാനമായ ബ്രസൽസിലെ സെൻ്റ് പീറ്റർ ആശുപത്രിയിൽ തന്നെ ഇങ്ങനൊരു പ്രതിഷേധം ഉണ്ടായത് പ്രധാനമന്ത്രിയ്ക്ക് കടുത്ത അപമാനമാണെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കാര്യമായ പ്രതികരണം നടത്താനും ഇവർ തയ്യാറായിട്ടില്ല.
ആദ്യം മുതൽ കൊവിഡ് രോഗിയെ ചികിത്സിച്ച ആശുപത്രിയാണ് സെൻ്റ് പീറ്റർ. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ഫിലിപ്പ് സൂബ്രിയെയടക്കം ഇവർ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. ഒരു കോടിയിലേറെയാണ് ഇവിടത്തെ ജനസംഖ്യയെങ്കിലും, 55000 പേരെ വൈറസ് ബാധിക്കുകയും 9000 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.