tiktok

ലോകം കൊവിഡ് 19 ഭീതിയില്‍ കഴിയുമ്പോൾ പ്രാങ്ക് വിഡിയോയുമായി ഇറങ്ങിയ ടിക് ടോക് താരത്തിനെതിരെ രൂക്ഷ വിമര്‍ശനം. ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തനായ ജോഷ് പോപ്കിന്റെ തമാശയാണ് അസ്ഥാനത്തായത്.33 മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഇയാൾ ന്യൂയോര്‍ക്കിലെ മെട്രോ യാത്രയ്ക്കിടെ ടിക് ടോക്കിന്റെ ഭാഗമായി കയ്യിലെ പ്ലാസ്റ്റിക് പാത്രത്തിലെ പാലും ധാന്യങ്ങളും നിലത്തേക്ക് ഒഴിക്കുകയായിരുന്നു. സഹയാത്രികര്‍ മാസ്ക് അണിഞ്ഞ് കൊവി‍ഡ് ഭീതിയില്‍ ഇരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്തായാലും സംഭവം വിവാദമായി.

മെട്രോയില്‍ വച്ച്‌ പാലും ധാന്യവും വലിയൊരു പ്ലാസ്റ്റിക് പാത്രത്തില്‍ കൂട്ടിച്ചേര്‍ത്ത് കഴിക്കുകയും അത് അബദ്ധത്തില്‍ കയ്യില്‍ നിന്ന് നിലത്തു വീഴുന്നതായി അഭിനയിക്കുകയായിരുന്നു ഇയാള്‍. ഇതു കണ്ട് യാത്രക്കാര്‍ ഞെട്ടുകയും എല്ലാവരും അവിടെ നിന്ന് എണീറ്റു പോവുകയും ചെയ്തു. എല്ലാവരും അകന്നു മാറിയതോടെ താഴെ വീണത് കൈകൊണ്ട് വാരി ഇയാള്‍ പാത്രത്തിലിട്ട് അടുത്ത സ്റ്റേഷനില്‍ ഇറങ്ങി. ടിക് ടോക്കിലാണ് ജോഷ് തന്റെ തമാശ പങ്കുവെച്ചത്.

മുന്‍ വിഡിയോകള്‍ക്ക് കിട്ടിയത് കയ്യടികളാണെങ്കിൽ ഈ വീഡിയോയ്ക്ക് ചീത്തവിളിയാണ് ഇയാള്‍ക്ക് കിട്ടിയത്. വികലമായ തമാശകള്‍ ചെയ്യുന്നത് മാനസിക വൈകല്യമാണ് എന്നായിരുന്നു ചിലരുടെ പ്രതികരണം. വിഡിയോ കണ്ട മെട്രോ അധിക‌ൃതരും വിമര്‍ശനവുമായി എത്തി. രോഗഭീതി നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ വൃത്തിയാക്കുന്ന ജോലി അവശ്യ സര്‍വീസ് ആയിരിക്കുകയാണ്. അതിനിടയില്‍ നിങ്ങളുടെ അവശിഷ്ടങ്ങളും വൃത്തിയാക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്ന പ്രവൃത്തി നികൃഷ്ടമാണ് എന്നായിരുന്നു വിഡിയോ പങ്കുവച്ചുകൊണ്ട് മെട്രോ അധികൃതര്‍ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി നിരവധി പേര്‍ രം​ഗത്തെത്തുകയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ ഇയാള്‍ വിഡിയോ പിന്‍വലിച്ചു മാപ്പു പറഞ്ഞു. താനൊരു വിഡ്ഢിയാണെന്നും ചെയ്തതു തെറ്റാണെന്നു സമ്മതിക്കുന്നതായും ഇയാള്‍ പറഞ്ഞു. തന്റെ പ്രവൃത്തി മൂലം ബുദ്ധിമുട്ടിയ എല്ലാവരോടും മാപ്പു പറയുന്നതായും ലോകം ഭീതിയോടെ കടന്നു പോകുമ്പോൾ എല്ലാവരേയും ചിരിപ്പിക്കുന്ന വിഡിയോ ചെയ്യാനായിരുന്നു ശ്രമമെന്നും പോപ്കിന്‍ വിശദീകരിച്ചു.