വാഷിംഗ്ടൺ: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം പിടിക്കുകയാണെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഡബ്ള്യു. എച്ച്.ഒ തലവൻ ടെഡ്രോസ് അദാനോമിന് കത്തെഴുതി. ഈ കത്ത് ട്രംപ് തന്റെ ട്വിറ്ററിൽ പങ്കുവച്ചു. കൊവിഡ് വുഹാനിൽ പരക്കുന്നുണ്ടെന്ന വിഷയം പ്രതിപാദിക്കുന്ന ആധികാരികമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടും സംഘടന അത് അവഗണിച്ചെന്നും ഇതിനക്കുറിച്ച് അന്വേഷിക്കുന്നതിൽ സംഘടന പരാജയപ്പെട്ടെന്നും ട്രംപ് കത്തിൽ പറയുന്നു. വുഹാൻ സമൂഹം ഒരു വലിയ പൊതുജനാരോഗ്യ വെല്ലുവിളി നേരിടുന്നുണ്ടെന്ന് സംഘടനയ്ക്ക് അറിയാമായിരുന്നു, ഇത് തായ്വാനും അറിയിച്ചിരുന്നതാണ്. പക്ഷെ ഈ വിവരങ്ങൾ മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കാൻ സംഘടന തയ്യാറായില്ല. അത് രാഷ്ട്രീയപരമായ കാരണങ്ങൾ മൂലമാകാം. കൊവിഡ് ലോകത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് പ്രഖ്യാപിച്ചിട്ടും അന്താരാഷ്ട്ര ആരോഗ്യവിദഗ്ദ്ധരുടെ സംഘത്തെ സമയബന്ധിതമായി ചൈനയിൽ പ്രവേശിപ്പിക്കാൻ അവരെ സമ്മർദ്ദത്തിലാക്കുന്നതിലും സംഘടന പരാജയപ്പെട്ടു - ട്രംപ് കുറിച്ചു.
ടെഡ്രോസ് അദാനോമിനേയും ട്രംപ് വിമർശിച്ചു. കുറച്ച് വർഷങ്ങൾക്ക് മുൻപ് മറ്റൊരു തലവൻ സംഘടനയുടെ തലപ്പത്തിരുന്നപ്പോൾ ലോകത്തെ എത്ര നന്നായി നയിക്കാമെന്ന് കാണിച്ചു തന്നു. മഹാമാരിയോട് നിങ്ങളും നിങ്ങളുടെ സംഘടനയും കാട്ടിയ ഉദാസീന മനോഭാവം ലോകത്തിന് വിപത്തായി. ലോകരോഗ്യ സംഘടനയ്ക്ക് മുന്നോട്ട് പോകാനുള്ള ഏക വഴി ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടുക എന്നുള്ളതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കത്തിൽ ഭീഷണിയും
30 ദിവസത്തിനുള്ളിൽ തക്കതായ നടപടികൾ എടുത്തില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം എന്നന്നേക്കുമായി നിറുത്തുമെന്നും അമേരിക്കയുടെ സംഘടനയിലെ അംഗത്വം പുനഃപരിശോധിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘടന ചൈനയുടെ കൈയ്യിലെ പാവയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.