riek-machar

ജൂബ : സൗത്ത് സുഡാന്റെ വൈസ് പ്രസിഡന്റായ റീക് മാച്ചറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും പ്രതിരോധ മന്ത്രിയുമായ ആഞ്ചലീന ടെനി, ഇവരുടെ അംഗരക്ഷകർ, ഉദ്യോഗസ്ഥർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി നിയോഗിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ അംഗത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മേയ് 13നാണ് വൈസ് പ്രസിഡന്റിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്.

കഴിഞ്ഞ ആഴ്ചവരെ വൈസ് പ്രസിഡന്റും ടാസ്ക് ഫോഴ്സിലെ അംഗമായിരുന്നു. ഇതോടെ ടാസ്ക് ഫോഴ്സിൽ ഉള്ള എല്ലാവരെയും പരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ്. കൊവിഡ് വൈറസ് ബാധ കണ്ടെത്തിയെങ്കിലും പ്രസിഡന്റിന് യാതൊരുവിധ രോഗലക്ഷണങ്ങളും ഇല്ല. വൈസ് പ്രസിഡന്റും ഭാര്യയും വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇതേവരെ 290 പേർക്കാണ് സൗത്ത് സുഡാനിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഫ്രിക്കയിൽ ഏറ്റവും ദുർബലമായ ആരോഗ്യ മേഖലയുള്ള സൗത്ത് സുഡാനിൽ ഇതേവരെ കൊവിഡ് ബാധ സ്ഥിരീകരിച്ച ആർക്കും രോഗം ഭേദമായിട്ടില്ല.