കാൻബെറ : കടലിൽ സ്രാവുകളെ പിടിക്കാൻ സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങിയ തിമിംഗല കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് അധികൃതർ പിഴ ചുമത്തി. ഓസ്ട്രേലിയയിലെ ഗോഡ് കോസ്റ്റ് തീരത്തിന് സമീപം ഇന്ന് രാവിലെയാണ് തിമിംഗലത്തെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ അധികൃതരെ വിളിച്ച് വിവരമറിയിച്ചു. മണിക്കൂറുകൾ കാത്തിരുന്നിട്ടും അധികൃതർ എത്താതിരുന്നതിനെ തുടർന്ന് ഒരാൾ തന്റെ ബോട്ടുമായി കടലിലേക്ക് പായുകയായിരുന്നു.
തിമിംഗലത്തിന്റെ അടുത്തേക്ക് നീന്തി എത്തിയ ഇയാൾ അതിസാഹസികമായി വലയുടെ കെട്ട് മുറിച്ച് അതിനെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ കരയിലേക്ക് മടങ്ങിയെത്തിയപ്പോൾ അധികൃതർ ഈ 'രക്ഷാപ്രവർത്തനത്തി'ന് തനിക്ക് പിഴ ചുമത്തിയതായി ഇയാൾ പറഞ്ഞു. എന്തിനാണ് പിഴ ചുമത്തിയതെന്ന കാര്യം വ്യക്തമല്ല. ഓസ്ട്രേലിയൻ ബീച്ചുകളിൽ സ്രാവുകളെ കുടുക്കാനുള്ള നെറ്റുകൾ സ്ഥാപിക്കുന്നത് പതിവാണ്. എന്നാൽ ഇത് നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ അഞ്ചോളം തിമിംഗലങ്ങൾ ഈ വലകളിൽ കുടുങ്ങിയിരുന്നു.