nawazuddin-siddiquis

വിവാഹ മോചനം ആവശ്യപ്പെട്ട് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയ സിദ്ദിഖി. വക്കീല്‍ നോട്ടീസ് അയച്ച കാര്യം ദേശീയ മാദ്ധ്യമങ്ങളോട് ആലിയതന്നെയാണ് വെളിപ്പെടുത്തിയത്. "ഞാന്‍ അദ്ദേഹത്തിന് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്, പക്ഷേ അദ്ദേഹം മറുപടി നല്‍കിയിട്ടില്ല," ആലിയ പറഞ്ഞു. വിവാഹ മോചനത്തിലേക്ക് നീങ്ങാനുള്ള കാരണത്തെ കുറിച്ചുള്ള ചോദ്യത്തിന് നിലവില്‍ അത് വെളിപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു ആലിയയുടെ മറുപടി.

"പ്രശ്നങ്ങളെ കുറിച്ച് ഇപ്പോള്‍ പറയാന്‍ എനിക്ക് സാധിക്കില്ല. പക്ഷെ കഴിഞ്ഞ പത്തു വര്‍ഷമായി ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ട്. ഈ ലോക്ക്ഡൗണ്‍ സമയത്ത് ഞാന്‍ ഒരുപാട് ആലോചിച്ചു. അങ്ങനെയാണ് വിവാഹ ബന്ധം അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ എത്തിയത്. അദ്ദേഹം മുസാഫര്‍പൂരിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ഞാന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. അതിനാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു," ആലിയ പറഞ്ഞു.

ആലിയയുടെ അഭിഭാഷകനായ അഭയ് സഹായും ഇക്കാര്യം സ്ഥിരീകരിച്ചു. "നവാസുദ്ദീന്‍ സിദ്ദിഖിക്ക് ഞങ്ങള്‍ നിയമപരമായി നോട്ടീസ് അയച്ചിട്ടുണ്ട്. 2020 മേയ് ഏഴിനാണ് ഞങ്ങളുടെ കക്ഷി ആലിയ സിദ്ദിഖി നോട്ടീസ് അയച്ചത്. കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യം മൂലം സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയയ്ക്കാന്‍ സാധിച്ചില്ല. ഇ-മെയില്‍ വഴിയും വാട്സാപ്പ് വഴിയുമാണ് നോട്ടീസ് അയച്ചത്. ഞങ്ങളുടെ കക്ഷിയും അദ്ദേഹത്തിന് നോട്ടീസ് വാട്സാപ്പ് വഴി നല്‍കിയിരുന്നു.

എന്നാല്‍ നവാസുദ്ദീന്‍ സിദ്ദിഖി ഇതുവരെ പ്രതികരിച്ചിട്ടില്ല. നോട്ടീസ് സംബന്ധിച്ച്‌ അദ്ദേഹം മൗനം പാലിക്കുകയും അത് അവഗണിക്കുകയും ചെയ്യുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന്റെ ഉള്ളടക്കം, ആരോപണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേയ്ക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എന്നാല്‍ ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്നും മിസ്റ്റര്‍ സിദ്ദിഖിയേയും കുടുംബത്തേയും അത് ബാധിക്കുമെന്നും ഞാന്‍ പറയുന്നു," അദ്ദേഹം വ്യക്തമാക്കി. ആലിയയ്ക്കും നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കും ഒന്‍പതും, അഞ്ചും വയസ് പ്രായമുള്ള രണ്ടു മക്കളാണ് ഉള്ളത്. വാര്‍ത്തയോട് നവാസുദ്ദീന്‍ സിദ്ദിഖി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുംബയില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയോടും കുടുംബത്തോടും പതിനാല് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നവാസുദ്ദീന്‍ സിദ്ദിഖി കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം യുപിയിലെ ബുദ്ധാനയിലെ കുടുംബവീട്ടില്‍ എത്തിയത്.