കൊല്ലം: ലോക്ക് ഡൗൺ സമയത്ത് പെട്രോൾ പമ്പിൽ താമസിച്ചു ജോലിയ്ക്കെത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടു. പ്രതിഷേധവുമായി പമ്പിന് മുന്നിൽ ജീവനക്കാരിയുടെ സമരം. കുണ്ടറയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം. കുണ്ടറ കുമ്പളം ആനി നിവാസിൽ പ്രസന്നയാണ് സമരവുമായി പമ്പിലെത്തിയത്. അഞ്ച് വർഷമായി ഈ പമ്പിലെ ജീവനക്കാരിയാണ് പ്രസന്ന. ഇടയ്ക്ക് വിദേശത്ത് പോയെങ്കിലും പമ്പ് ഉടമയുടെ ആവശ്യപ്രകാരം തിരികെ എത്തി ജോലിയിൽ പ്രവേശിച്ചതാണ്.
മാസം 9000 രൂപ ശമ്പളത്തിലാണ് പമ്പിൽ ജോലി ചെയ്തുവരുന്നത്. ലോക്ക് ഡൗൺ സമയത്ത് ബന്ധുവിന്റെ ബൈക്കിലാണ് പമ്പിൽ വന്നിരുന്നത്. ഒരു ദിവസം വരാൻ താമസിച്ചതോടെ ഇനി വരണ്ടായെന്ന് മാനേജ്മെന്റ് പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് പ്രതിഷേധവുമായി പ്രസന്നയെത്തിയത്. രണ്ട് മാസത്തെ ശമ്പളവും കിട്ടാനുണ്ടെന്ന് പ്രസന്ന പറഞ്ഞു. ലേബർ ഓഫീസറടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്.