കൊവിഡ് കാലത്ത് നമ്മൾ നിരവധി തവണ കേട്ട പാട്ടുകളിൽ ഒന്നാണ് ബെല്ലാ ചാവോ. മണി ഹീസ്റ്റ് വെബ് സീരിസിൽ ഈ പാട്ട് വീണ്ടും വന്നപ്പോഴാണ് ലോകം അതിനെ ഇത്തവണ ഏറെ ശ്രദ്ധിച്ചത്. എന്നാൽ, കാലങ്ങൾക്ക് മുന്നേ ലോകം ഏറ്റുപാടിയ അതിജീവനത്തിന്റെ ഗാനമാണ് ബെല്ലാ ചാവോ. അർത്ഥം കൊണ്ട് നോക്കുമ്പോൾ മരണമില്ലാത്ത പാട്ടാണ് ബെല്ലാ ചാവോ. അതുകൊണ്ടാണ് കൊവിഡ് ബാധിച്ച പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ ഹോം ക്വാറന്റീനിൽ വീടിന്റെ ബാൽക്കണിയിൽ ഇരുന്ന് ഇറ്റലിക്കാർ വീണ്ടും ബെല്ലാ ചാവോ പാടിയത്.ഇതാ, ഇപ്പോൾ മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും ബെല്ലാ ചാവോയുമായി എത്തിയിരിക്കുകയാണ്. തന്റെ വീണയിലാണ് മഞ്ജു വാര്യർ ബെല്ലാ ചാവോ വായിച്ചത്.
ഫേസ്ബുക്ക് അക്കൗണ്ടിൽ മഞ്ജു പങ്കുവച്ച വീഡിയോയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.ഇറ്റലിയിലെ നെൽപ്പാടങ്ങളിൽ ജോലി ചെയ്തിരുന്ന ഒരുകൂട്ടം കർഷക സ്ത്രീകൾ അതിജീവനത്തിനായി പാടിയ ഗാനമാണിത്. വര്‍ഷങ്ങൾക്കിപ്പുറം ആ നാടൻപാട്ട് ലോകം മുഴുവൻ ഏറ്റു പാടുകയാണ്. എല്ലാവരും സ്വതന്ത്രരായി ജോലി ചെയ്യുന്ന ഒരു കാലം വരും എന്ന പ്രതീക്ഷ പകർന്നാണ് ഗാനം അവസാനിക്കുന്നത്. മഞ്ജു വാര്യർ പങ്കുവച്ച വിഡിയോ വൈറലായതിനു പിന്നാലെ ലേഡി സൂപ്പർ സ്റ്റാർ സംഗീതത്തിലും സ്റ്റാർ ആണെന്നാണ് ആരാധകർ പറയുന്നു.