suicide

കൊല്ലം: ലോക്ക് ഡൗണിൽ കടക്കെണിയിലായ ഗൃഹനാഥൻ മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചു. കുണ്ടറ നല്ലില പുലിയില സംഘക്കടമുക്ക് കിഴക്കേപുതുവേലിൽ വീട്ടിൽ രാധാകൃഷ്ണൻ (കുട്ടപ്പന്‍- 58) ആണ് മരിച്ചത്. വീടിനുസമീപത്തെ പറമ്പിലെ മരക്കൊമ്പിലാണ് തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. മകളുടെ വിവാഹത്തിനായി പലിശയ്ക്ക് പണം കടമെടുത്തിരുന്നു. നിർമ്മാണ തൊഴിലാളിയായ രാധാകൃഷ്ണന് ലോക്ക്ഡൗൺ സമയത്ത് ജോലിയില്ലാതെ വന്നതോടെ പലിശ കൊടുക്കാൻ കഴിഞ്ഞില്ല.

പണം കടം നൽകിയവർ നിരന്തരം ശല്യം ചെയ്തതായി ഭാര്ലൈല പറഞ്ഞു. ലൈല കശുഅണ്ടി തൊഴിലാളിയാണ്. പത്ത് ലക്ഷം രൂപയാണ് പലിശയ്ക്ക് വാങ്ങിയത്. പകുതിയിൽ കൂടുതൽ തിരിച്ചടച്ചു. ശേഷിച്ച തുകയ്ക്ക് മാസം 15000 രൂപയാണ് ഇപ്പോൾ പലിശ നൽകിവന്നത്. പലിശയ്ക്കായി നിരന്തരം ഫോണിലും നേരിട്ടും ഭീഷണിയുണ്ടായപ്പോഴാണ് രാധാകൃഷ്ണൻ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. രാഹുൽ, ചിപ്പി എന്നിവർ മക്കളും സന്തോഷ് മരുമകനുമാണ്.