കഴിഞ്ഞ ഞായറാഴ്ച എഴുതിയ വാസ്തുലേഖനത്തെപ്പറ്റി അഭിപ്രായം ചോദിച്ചുകൊണ്ട് കുറേ പേർ വിളിച്ചു. ഇതിൽ ഭൂരിഭാഗം വായനക്കാർക്കും അറിയേണ്ടിയിരുന്നത് എന്താണ് മർമ്മം, അങ്ങനെയൊന്നുണ്ടോ, എന്താണ് വേധം, എന്താണ് സൂത്രം, ഇത്തരം കാര്യങ്ങളൊക്കെ ലേഖനത്തിൽ വിശദമായി പറഞ്ഞില്ലല്ലോ എന്നായിരുന്നു സംശയം. അതേപ്പറ്റി വിശദമായി പറയാം.
കൗമുദിയിലെ വാസ്തുശാസ്ത്ര രഹസ്യങ്ങളോട് എല്ലാ ആഴ്ചയും പ്രതികരിക്കുന്നവരോട് നന്ദി പറയുന്നു. ഒപ്പം നേരത്തെ പറഞ്ഞ കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ. അതായത് കൗമുദിയിൽ വരുന്ന വാസ്തുപംക്തിയോട് നിങ്ങൾ പ്രതികരിക്കേണ്ടത് നിങ്ങളുടെ അനുഭവം നോക്കിയാണ്. ഈ പംക്തി ആരംഭിച്ചപ്പോഴെ വായനക്കാരോട് പറഞ്ഞതാണ് വാസ്തു ശാസ്ത്രത്തിന് ജ്യോതിഷവുമായി യാതൊരു ബന്ധവുമില്ലെന്ന്. തെളിയിക്കപ്പെടാനാവാത്തത് ശാസ്ത്രമെന്ന് പറയാനൊക്കുമോ? ഈ ശാസ്ത്രയുഗത്തിൽ ഇനിയെങ്കിലും അത് വിശ്വസിക്കുക തന്നെ വേണം. ഈശ്വരവിശ്വാസവും ജ്യോഷിതവും രണ്ടാണ്. അതിനും ബന്ധമില്ല. വാസ്തുശാസ്ത്രം തെളിയിക്കപ്പെട്ടതാണ്. അത് അനുഭവത്തിലൂടെ ബോദ്ധ്യപ്പെടുത്താം.
വാസ്തു അറിയുമ്പോൾ അതിലെ സത്യങ്ങളാണ് നാം അറിയുന്നത്. മനുഷ്യശരീരമാണ് എല്ലാ കണ്ടുപിടുത്തങ്ങൾക്കും പ്രചോദനമെന്ന് അറിയാമല്ലോ.അതു പോലെ ഏറ്റവും വലിയ വാസ്തുസത്യം നമ്മുടെ ശരീരമാണ്. ഈ പംക്തിയിൽ നേരത്തെ പറഞ്ഞപോലെ പ്രപഞ്ചത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത ആയിരക്കണക്കിന് ഊർജങ്ങളുണ്ട്. ഇതേ ഊർജമാണ് രക്തചംക്രമണത്തിലൂടെ പ്രവർത്തിക്കുന്നത്. സൂര്യനും ചന്ദ്രനും അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് കിരണങ്ങളെല്ലാം ഇതിന് പലതരത്തിൽ ഊടും പാവും നെയ്യുന്നു. ഊർജം രക്തമായി സിരകളിലൂടെയും ധമനികളിലൂടെയും ഒഴുകിപ്പരന്നാണ് ഓരോ ജീവനും നിലനിൽക്കുന്നത്. മനുഷ്യശരീരത്തിൽ അകത്തേയ്ക്കും പുറത്തേയ്ക്കും ഊർജപ്രവാഹമുണ്ട്. യഥാർത്ഥത്തിൽ ഈ ഊർജത്തെ തന്നെയാണല്ലോ നമ്മൾ ജീവൻ എന്ന് വിളിക്കുക. ഈ ജീവൻ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഊർജമുണ്ട്. ഊർജ സ്വീകരണത്തിനും ബഹിർഗമനത്തിനും മനുഷ്യ ശരീരത്തിൽ നവദ്വാരങ്ങളുണ്ടല്ലോ. അതു പോലെ തന്നെയാണ് നാം വസിക്കുന്ന വീടും.ഇതിൽ നിറയെ ഊർജമുണ്ട്. അത് കേന്ദ്രീകരിക്കുകയും വികേന്ദ്രീകരിക്കുകയും ചെയ്യുന്നതിന് മഹാമർമ്മഭാഗങ്ങളുണ്ട്. ഓരോ വീട്ടിലും അത് തടയപ്പെടാതെ തന്നെ നോക്കണം.
അതായത് മനുഷ്യശരീരത്തെ പോലെ തുറപ്പുകൾ അഥവാ ദ്വാരങ്ങൾ വീടിനുള്ളിൽ വേണം.ബ്രഹ്മസൂത്രം, യമസൂത്രം, മൃത്യുസൂത്രം, കർണസൂത്രം എന്നൊക്കെ പാരമ്പര്യ വാസ്തുകാരന്മാർ ഇവയ്ക്ക് പേര് നൽകിയിട്ടുണ്ട്. പക്ഷേ ഇവ മാത്രമല്ല അനേകായിരം ഊർജങ്ങളാണ് വീടിനുള്ളിലും പുറത്തും ഒഴുകിപ്പരക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതെങ്കിലും തടസമില്ലാതെ പോകണമെന്നാണ് ശാസ്ത്ര നിബന്ധന. ലളിതമായി പറഞ്ഞാൽ എത്ര ചെറിയതും വലുതുമായ കെട്ടിടമോ, വീടോ,കടയോ ആയാലും അതിനുള്ളിൽ ഊർജ്ജങ്ങൾ തടസപ്പെടരുത്. തെക്കുപടിഞ്ഞാറു നിന്നും വടക്ക് കിഴക്കോട്ടും വടക്കു പടിഞ്ഞാറു നിന്ന് തെക്ക് കിഴക്കോട്ടും നേർ തെക്കുനിന്ന് വടക്കോട്ടും നേർപടിഞ്ഞാറുനിന്ന് കിഴക്കോട്ടും അതിശക്തമായ ഊർജ ഒഴുക്കുണ്ട്. ഇത് തടയപ്പെടാതെ നോക്കണം.
കൃത്യമായി വാസ്തുശാസ്ത്രം നോക്കിയാൽ ജനലും കട്ടിളയും വച്ചാൽ ഈ പ്രശ്നം പൂർണമായി പരിഹരിക്കാം. വീടിനുള്ളിൽ വയ്ക്കുന്ന മറ്റ് ജനാലകളും വെന്റിലേഷനുകളുമെല്ലാം ബാക്കി വരുന്ന ഊർജത്തെ ക്രമപ്പെടുത്തി ബഹിർഗമിപ്പിച്ചു കൊള്ളും. ഇത്തരത്തിൽ കോണോണുകോണായും മധ്യമായും വരുന്ന ഊർജങ്ങൾ നിലവിലുള്ള വീടുകളിൽ തടസപ്പെട്ടിട്ടുണ്ടെങ്കിൽ അത് ക്രമപ്പെടുത്തുക തന്നെ വേണം. അധികചെലവില്ലാതെ ഇത് ചെയ്യാം.മഹാമർമ്മങ്ങൾ തടസപ്പെട്ടാൽ പല പ്രശ്നങ്ങളാണ് ഉണ്ടാവുക. പ്രായമെത്താതെയുള്ള മരണം, തുടർച്ചയായ അപകടങ്ങൾ, ആൺകുട്ടികളും പെൺകുട്ടികളും വീട് വിട്ട് പോകുക, കുട്ടികളുണ്ടാകാതിരിക്കുക, കടുത്ത കടബാദ്ധ്യത, മഹാരോഗങ്ങൾ, വീടിനുള്ളിൽ അംഗങ്ങൾ തമ്മിൽ പൊരുത്തമില്ലായ്മ, വിശ്വാസമില്ലായ്മ, അകാരണമായ ഭയം. ബിസിനസിൽ വലിയ നഷ്ടം, തുടർച്ചയായ ആശുപത്രി വാസം, തൊഴിൽനഷ്ടം എന്നിവ ഫലമായി കണ്ടുവരുന്നുണ്ട്. ഒരുപാട് പേരുടെ സംശയങ്ങളാണ് ഇക്കുറി പ്രതിപാദിച്ചിട്ടുള്ളത്. അതിനാൽ പ്രത്യേകമായി സംശയവും മറുപടിയും ഉൾക്കൊള്ളിച്ചിട്ടില്ല.