 
വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് സംവിധായിക ലിൻ ഷെൽറ്റൺ അന്തരിച്ചു. 54 വയസായിരുന്നു. ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം.രക്തസംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. 2002ൽ ഔട്ട് പേഷ്യന്റ് എന്ന ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ച് കൊണ്ടാണ് ഹോളിവുഡിലേക്ക് ലിൻ എത്തുന്നത്. 2006ൽ തന്റെ ആദ്യ ചിത്രമായ വി ഗോ വേ ബാക്ക് എന്ന ചിത്രം സംവിധാനം ചെയ്തു. ഹംപ്ഡേ, യോർ സിസ്റ്റേഴ്സ് സിസ്റ്റർ എന്നീ ചിത്രങ്ങൾ എറെ ശ്രദ്ധ നേടി. ഹംപ്ഡേ ഉൾപ്പെടെ ഏഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 17 ഓളം ടെലിവിഷൻ സീരിസുകളും സംവിധാനം ചെയ്തു. മാഡ് മെൻ, ഫ്രഷ് ഒഫ് ദ ബോട്ട്, ദ മിന്റി പ്രൊജക്ട്, ഗ്ലോ എന്നിവ അമേരിക്കയിലെമ്പാടും പ്രസിദ്ധി നേടി. ലിറ്റിൽ ഫയേഴ്സ് എവരിവേർ, മാർക് മാക്രോൺ - എൻഡ് ടൈംസ് ഫൺ എന്നിവയാണ് അവസാനമായി സംവിധാനം ചെയ്ത സീരീസുകൾ. സോഡ് ഒഫ് ട്രസ്റ്റ് അവസാന ചിത്രമാണ്. നടനും സംഗീതജ്ഞനുമായ കെവിൻ സീൽ മുൻഭർത്താവാണ്. ഒരു മകനുണ്ട്.