നിഴലും വെളിച്ചവും വേണ്ട രീതിയിൽ സമ്മേളിക്കുമ്പോൾ ഫോട്ടോഗ്രാഫുകളുണ്ടാകുന്നു. അതോടൊപ്പം ഭാവന കൂടി ചേർത്താൽ കുറേ കൂടി നല്ല റിസൽട്ട് കിട്ടും. അതായത് കാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തിക്ക് ക്രിയേറ്റിവിറ്റിയുണ്ടെങ്കിൽ നല്ല ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും. പിന്നെ അൽപ്പം ഭാഗ്യവും ഇതിൽ ഒരു അവശ്യഘടകമാണ്. നമ്മുടെ കൺമുന്നിൽ കാണുന്ന അസംസ്കൃത രംഗങ്ങളെ സ്വാംശീകരിച്ച് നല്ല കലാസൃഷ്ടികളാക്കി മാറ്റിയെടുക്കണം. അതായത് നല്ല വ്യൂ , ആംഗിൾ, പെഴ്സ്പെക്ടീവ് ഇവ വേഗം കണ്ടുപിടിച്ചു ക്ലിക്ക് ചെയ്യണം. നല്ല നിരീക്ഷണ പാടവവും പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയുമുണ്ടെങ്കിൽ കാര്യം കുറച്ചു കൂടി എളുപ്പമാകും. എങ്കിലും മറ്റെല്ലാ കലകളേയും പോലെ ഇതിനും നല്ല പ്രാക്ടീസ് ആവശ്യമാണ്.
ഫോട്ടോഗ്രാഫറെ സംബന്ധിച്ച് പറയുമ്പോൾ യാത്രകളും അനുഭവങ്ങളും പുതിയ കാഴ്ചകൾ സമ്മാനിക്കും. എന്നുകരുതി യാത്രചെയ്താലേ ഫോട്ടോഗ്രാഫർ ആകൂ എന്നില്ല. പരിസരം സസൂഷ്മം നിരീക്ഷിക്കാനുള്ള കഴിവാണ് മുഖ്യം. ഓരോനിമിഷവും ഓരോ പുതിയ പുതിയ കാര്യങ്ങൾ സംഭവിച്ചുകൊണ്ടേരിക്കുന്നു. അവ ഇനിയൊരിക്കലും തിരിച്ചുവരാത്ത ഭൂതകാലത്തിന്റെ ഏടുകളിലേക്കു മറയുകയും ചെയ്യും. അതിലെ അനർഘനിമിഷങ്ങളെ രേഖപ്പെടുത്തുകയാണ് ഫോട്ടോഗ്രാഫി കൊണ്ടുദ്ദേശിക്കുന്നത്. വ്യാവസായിക ആവശ്യത്തിനുള്ളതൊഴികെ മറ്റുള്ളവയെല്ലാം പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പുകളും ഇല്ലാതെ എടുക്കുന്ന ഫോട്ടോകളാണ്. അതുകൊണ്ടു തന്നെ ഇന്ന പടങ്ങൾ കിട്ടുമെന്നോ ഇന്നതു് എടുക്കാമെന്നോ ഒന്നും മുൻകൂട്ടി പ്രവചിക്കാൻ ആർക്കും കഴിയില്ല. എന്നാൽ ചിലത് ഓർക്കാപ്പുറത്ത് മുന്നിൽ വന്നുപെടുകയും ചെയ്യും. അങ്ങനെ കിട്ടിയ ഒരു ഫോട്ടോയുടെ കാര്യമാണ് ഇവിടെ പറയുന്നത്.
രണ്ടാമത്തെ നിലയിൽ വച്ച് നടന്ന ഒരു മീറ്റിംഗ് കഴിഞ്ഞ് സ്റ്റെപ്പുകൾ ഇറങ്ങി താഴേക്കുവന്നപ്പോൾ അവിചാരിതമായി കിട്ടിയ ഒരു ഫോട്ടോയാണ് ഇത്. വിഗ്ഗ് വച്ച പോലെ തോന്നിക്കുന്ന മുടിയും ഉന്തിയ മൂക്കും രണ്ട് കോന്ത്രപ്പലുകളും കാർട്ടൂൺ കഥാപത്രത്തെപ്പോലെ തലയുമുള്ള ഒരാൾ മഞ്ഞിലൂടെ സ്കേറ്റർ പോകുന്നരീതിയിൽ എന്തോ ഉന്തിക്കൊണ്ട് മുന്നോട്ടു പോകുന്നു! ഇങ്ങനെ ഒരു ആകൃതി രൂപപ്പെടുത്തിയ ശേഷം ഫോട്ടോ എടുത്തതല്ല. ഇതിനായി അന്വേഷിച്ച് നടന്നു കിട്ടിയതുമല്ല. കാമറയുമായി ഒരു കെട്ടിടത്തിന്റെ സ്റ്റെപ്പിറങ്ങുമ്പോൾ യാദൃശ്ചികമായി കണ്ടതാണ്. സിമന്റിട്ട തറയിൽ അടുത്തെങ്ങോ പെയ്ത മഴയിലെ വെള്ളം കെട്ടിനിന്ന് ക്രമേണ ഉണങ്ങി രൂപപ്പെട്ടതാണ് ഇത്.