തിരുവനന്തപുരം: ബസ് നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ദുരിതകാലം സർക്കാർ കൊയ്ത്തുകാലമായാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതകാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ബസ് ചാർജ് കൂട്ടിയത് പോരാതെ വൈദ്യുതി ചാർജിലും വൻ കൊള്ളയാണ് നടത്തുന്നത്. സ്വകാര്യതയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് സർക്കാർ സ്പ്രിൻക്ലർ കരാറിൽ ഒപ്പിട്ടിരിക്കുന്നത്.
കൊവിഡ് മറവിൽ സ്പ്രിൻക്ലർ അഴിമതിയിൽ നിന്ന് ഒളിച്ചോടാൻ സർക്കാരിനെ കോൺഗ്രസ് സമ്മതിക്കില്ല. എസ്.എസ്.എൽ.സി ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച തീയതിയിൽ നിന്ന് മാറ്റണം. പതിമൂന്ന് ലക്ഷം കുട്ടികളുടെ ജീവൻ വച്ചാണ് സർക്കാർ പന്താടുന്നത്. സാമൂഹിക അകലം പാലിച്ച് പതിമൂന്ന് ലക്ഷം കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു മാസ്ക് ആറ് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാനാകില്ലയെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്.
അങ്ങനെയെങ്കിൽ പതിനഞ്ച് രൂപ വീതം നൽകി കുട്ടികൾ രണ്ട് മാസ്ക് വാങ്ങേണ്ടി വരും. നിരാലംബരായി കുട്ടികളെ ദ്രോഹിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണ് പരീക്ഷകൾ നടത്തുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മദ്യശാലയാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. മദ്യശാലകളെ സ്വകാര്യവത്കരിക്കുന്നത് വൻ അഴിമതിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പ്രവാസികൾക്ക് മടക്കി കൊണ്ടുവരുന്നതിൽ സംസ്ഥാനസർക്കാർ വൻപരാജയമാണ്. മറുനാടൻ മലയാളികളെ കൊണ്ടുവരാൻ ഒരു ശ്രമിക്ക് ട്രെയിൻ ഓടിക്കാനുള്ള മനസ് പോലും ഈ സർക്കാർ കാണിച്ചില്ല. കേരളം പ്രഖ്യാപിച്ച കൊവിഡ് പാക്കേജിൽ പതിനാലായിരം കോടി രൂപയും കോൺട്രാക്ടർമാർക്കാണ് നൽകിയത്.
സാധാരണക്കാരന് ഉപയോഗമുള്ള യാതൊന്നും കേന്ദ്ര പാക്കേജിലോ കേരള പാക്കേജിലോയില്ല. കുടിയേറ്റ തൊഴിലാളികളുടെ അപകട മരണങ്ങൾക്ക് കാരണം അശാസ്ത്രീയമായ ലോക്ക്ഡൗണാണ്. കൊവിഡ് രോഗികളല്ലാത്ത സാധാരണ രോഗികളുടെ കാര്യം വലിയ കഷ്ടമാണ്. അവർക്ക് കൃത്യമായ പരിശോധന കിട്ടുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.