migren

ലഖ്നൗ: ഉത്തർപ്രദേശിലെ ഓരൈയായിൽ ലോറികൾ തമ്മിൽ കൂട്ടിമുട്ടി മരിച്ചവരെയും പരുക്കേറ്റവരെയും ഒരേ ലോറിയിലാക്കി ജാർഖണ്ഡിലേക്ക് അയച്ച് ഉത്തർപ്രദേശ് സർക്കാർ. ടാർപ്പാളിൻ ഷീറ്രിട്ട് മൂടിയ മൃതദേഹങ്ങൾക്കൊപ്പം പരുക്കേറ്റവരെയും ഇരുത്തിയ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ചിത്രങ്ങൾ കണ്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ യു.പിയുടെ ഈ നടപടിയെ 'മനുഷ്യത്വരഹിതമായ നടപടി' എന്ന് രൂക്ഷമായി ട്വിറ്ററിലൂടെ വിമർശിച്ചു.

ഓരൈയാ അപകടത്തിൽ 26 പേർ മരിക്കുകയും 30പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 11 പേർ ജാർഖണ്ഡ് സ്വദേശികളാണ്. മറ്റുള്ളവർ ബംഗാൾ സ്വദേശികളും. ഇവരുടെ മൃതദേഹം കയറ്റിയ ലോറിയിലാണ് പരുക്കേറ്രവരെയും കയറ്റിയത്. ഇത് ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും ചെയ്യുന്ന കടുത്ത അനാദരവാണെന്ന് ഹേമന്ദ് സോറൻ പ്രതിഷേധിച്ചു.

ഹേമന്ദ് സോറന്റെ ട്വീറ്റ് വിവാദമായതോടെ പ്രയാഗ് രാജിനടുത്തുവച്ച് മൃതദേഹങ്ങൾ കയറ്രിയ ലോറി തടഞ്ഞ് ഇവ ആംബുലൻസുകളിലേക്ക് മാറ്രി ജാർഖണ്ഡ് അതിർത്തിയിലെത്തിച്ചു. മൃതദേഹങ്ങൾ അവരുടെ നാടുകളിലെത്തിക്കാൻ വേണ്ടത് ചെയ്യുമെന്ന് ഹേമന്ദ് സോറൻ അറിയിച്ചു. മൃതദേഹങ്ങൾ പലതും കേട് വന്നുതുടങ്ങിയ അവസ്ഥയിലായിരുന്നെന്നും, ഇത് ഒപ്പമുണ്ടായിരുന്ന പരുക്കേറ്റ തൊഴിലാളികൾക്ക് പ്രശ്നമാകുമായിരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് ഔരൈയായിലെ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിങ് അറിയിച്ചു.