photo
ദീപ.ടി.മോഹൻ

കൊല്ലം: പ്രണയവും വിരഹവും ഹരിതവും എത്രയെഴുതിയിട്ടും മതിയായിരുന്നില്ല ദീപയ്ക്ക്. വേദനയുടെ രോഗാവശതകളിലും അക്ഷരങ്ങളിൽ മധുരം ചേർത്തെഴുതാൻ ശീലിച്ചുവെങ്കിലും മരണം പെട്ടെന്ന് കൂടെക്കൂട്ടുമെന്ന് ആരും കരുതിയില്ല. അപ്രതീക്ഷിതമായി കവയത്രിയെ നഷ്ടപ്പെട്ട ആരാധകരുടെ സങ്കടക്കുറിപ്പുകളാണ് രാവിലെ മുതൽ നവമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. കവിതകളിലൂടെ പുതുകാലത്തുകൂടി സഞ്ചരിച്ച ദീപ.ടി.മോഹൻ കവിതക്കൂടുവിട്ട് പറന്നുപോയിരിക്കുന്നു. ഇഷ്ടപ്പെട്ടവരെ പെട്ടെന്നൊരുനാൾ തട്ടിയെടുത്തു മറയുന്ന മരണത്തിന്റെ സാഹസത്തെക്കുറിച്ച് ദീപ കുറിച്ച വരികൾ അവർ ഓർത്തുപാടുകയാണ്.

" ആകാശം അലിഞ്ഞ അഴിമുഖത്തു മരണത്തിന്റെ കൺമഷിക്കറുപ്പ്, കടലിന്റെ പുതുരൂപം എനിക്ക് നൽകിയത് ഭയത്തിന്റെ സമ്മാനപ്പൊതി.. മരണമില്ലാത്ത സത്യം, അത് മരണമൊന്നുമാത്രം..". കൊട്ടാരക്കര നെടുവത്തൂർ തേവലപ്പുറം ദീപാലയത്തിൽ ദീപ.ടി.മോഹനെ രാവിലെ മരണം കൂട്ടിക്കൊണ്ടുപോയ വാർത്ത നൊമ്പരത്തോടെയാണ് പലരും അറിഞ്ഞത്. ചെറുതും വലുതുമായ കവിതകളിലൂടെ ഇത്രകാലവും ദീപ സഞ്ചരിച്ചപ്പോഴെല്ലാം തോളോട് തോൾ ചേർന്നവരാണ് നവമാദ്ധ്യമങ്ങളിലെ കൂട്ടുകാർ. പക്ഷെ, ശരീരം കാർന്നുതിന്നുന്ന കാൻസറിന്റെ ചിത്രം അവർക്കാർക്കും കാട്ടിക്കൊടുക്കാൻ ദീപ മനസുകാട്ടിയില്ല. ചിരിച്ചും പറഞ്ഞും കവിതകൾ ചൊല്ലിയും പോകുംവരെയും ആഘോഷമാക്കുവാൻ പ്രത്യേകം ദീപ ശ്രദ്ധിച്ചിരുന്നുവെന്ന് ഇപ്പോഴാണ് എല്ലാവരും ഓർക്കുന്നത്.

ദുബായിൽ ഭർത്താവ് മോഹനൊപ്പം താമസിക്കുന്ന വേളയിലാണ് ദീപ കവിതയെഴുത്തിന് തൂലികയിൽ മഷിചേർത്തത്. ഫ്ളാറ്റിലെ ഇത്തിരി സ്ഥലത്ത് ഒതുങ്ങിക്കൂടേണ്ടി വന്നപ്പോൾ നാടിന്റെ പച്ചപ്പും സമൃദ്ധിയും ഉള്ളിൽ തികട്ടി, ഭാവനയുടെ നിറം ചേർത്തുവച്ച് അതൊക്കെ കുത്തിക്കുറിച്ചു. ബ്ളോഗിൽ കവിതകൾക്ക് ഇടംകണ്ടെത്തിയപ്പോഴാണ് നാട്ടിലും പുറംനാടുകളിലുമടക്കം ആരാധകരുണ്ടായത്. ഇരുന്നൂറിൽപ്പരം കവിതകൾ ബ്ളോഗിലെഴുതി. ഫേസ്ബുക്കിലും അത് നിറഞ്ഞു. നാട്ടിലേക്കുള്ള മടക്കയാത്രപോലും കവിതയായി. എഴുതിക്കൂട്ടിയത് ചേർത്ത് മോഹവള്ളി എന്ന പേരിൽ പുസ്തകവുമിറക്കി. തിരുവനന്തപുരത്തെ വാടക വീട്ടിലിരുന്ന് എഴുത്തിന്റെ ലോകത്ത് സജീവമാകാനൊരുങ്ങിയപ്പോഴാണ് രോഗത്തിന്റെ തീവ്ര വേദനകൾ ശരീരമാകെ പടർന്നത്. മൃതദേഹം ഉച്ചയോടെ തേവലപ്പുറത്തെ വീട്ടിലെത്തിച്ചു. വിദേശത്തായ ഭർത്താവിന് നാട്ടിലേക്കെത്താൻ കൊവിഡിന്റെ അസൗകര്യങ്ങൾ ഉള്ളതിനാൽ വൈകിട്ടോടെ സംസ്കരിച്ചു. മകൻ: ഡിമിൻ മോഹൻ.