pic

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി. കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും തൊഴില്‍ നിയമത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളം ചേര്‍ക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം. 15 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കൊവിഡ് പ്രതിസന്ധിയിലും ലോക്ക് ഡൗണിലും കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ദുരിതം ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് തീരുമാനം. കുടിയേറ്റ തൊഴിലാളികളുടെ യാത്രാച്ചെലവ്‌ വഹിക്കാന്‍ നേരത്തെ സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികളുമായി സംവദിക്കുകയും പ്രിയങ്ക ഗാന്ധി യുപിയിലെ കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഇപ്പോഴും വിവിധ ദേശീയ പാതകളിലൂടെയും മറ്റും കാല്‍നടയായി കിലോമീറ്ററുകളോളം വീടുകള്‍ ലക്ഷ്യമാക്കി താണ്ടുന്നത്.

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടി തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നത് ചോദ്യം ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മറ്റൊരു ലക്ഷ്യം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടി തൊഴില്‍ നിയമങ്ങളില്‍ വ്യാപക ഭേദഗതി വരുത്തുന്നത്. അതേസമയം കേന്ദ്രമന്ത്രിസഭയോഗം നാളെ രാവിലെ പതിനൊന്ന് മണിക്ക് ചേരും. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്.