തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ-അഞ്ച്, മലപ്പുറം-മൂന്ന്, തൃശൂർ, പാലക്കാട്, പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്.
ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ എട്ട് പേര്‍. അതില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. ഇതുവരെ 642 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 142 പേർ ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 71545 പേരും ആശുപത്രികളിൽ 455 പേരും നിരീക്ഷണത്തിലുണ്ട്.
കേരളത്തിൽ സമൂഹവ്യാപനമില്ല. സമ്പർക്കത്തെയാണ് ഭയപ്പെടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 74426 പേരാണ് ഇതുവരെ കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ കൊവിഡ് പാസുമായി എത്തിയത്. ഇവരിൽ 44712 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. 66239 പേരാണ് റോഡ് മാർഗം വന്നത്. ഇതിൽ 46 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിമാനത്തിൽ വന്നവരിൽ 53 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കപ്പൽ മാർഗം വന്ന ആറ് പേർക്കും രോഗം സ്ഥിരീകരിച്ചു.
33 ഹോട്ട് സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും മാസ്കുകളും മറ്റും ആവശ്യത്ത് ലഭ്യമാക്കും. മരുന്നു ക്ഷാമം പരിഹരിക്കും. തട്ടുകടകൾ ഭക്ഷണം പാഴ്സൽ മാത്രമേ നൽകാവൂ. കടയിലിരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്.
ലോക്ഡൗൺ കാലത്ത് ചില സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് അനുവദിക്കാനാവില്ല. സ്കൂളുകൾ തുറന്നതിനു ശേഷമേ ട്യൂഷൻ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂ. ട്യൂഷൻ തുടരണമെന്നുള്ളവർക്ക് ഓൺലൈൻ ക്ലാസ് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രികളിൽ തിരക്കു വർദ്ധിക്കുന്നു. അത് നിയന്ത്രിക്കണം. ഫോട്ടോ സ്റ്റുഡിയോകൾക്ക് അനുമതി. ഒന്നിലധികം നിലകളുള്ള തുണിക്കടകൾ തുറന്നുപ്രവർത്തിക്കാം. എന്നാൽ 10 വയസിനു താഴെയുള്ള ചെറിയ കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് എത്തരുത്. പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികളെ എത്തിക്കാൻ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ നാളെ വൈകിട്ട് ആറിന് ന്യൂഡൽഹിയിൽനിന്നു പുറപ്പെടും. പ്രവാസികൾക്ക് മൂന്നു ശതമാനം പലിശ നിരക്കിൽ സ്വർണപ്പണയ വായ്പ നൽകും. ഒരു ലക്ഷം രൂപ വരെയാണ് വായ്പ്പ. ചെറുകിട വ്യാപാരികൾക്കും ഒരു ലക്ഷം രൂപ വരെ വായ്പ്പ നൽകും.