pramod-swant

തിരുവനന്തപുരം: ബി.ബി.സിയുമായുള്ള അഭിമുഖത്തിൽ ഗോവയെ അധിക്ഷേപകരമായി ചിത്രീകരിച്ച കേരള ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നടപടിയിൽ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് അതൃപ്തി രേഖപ്പെടുത്തി. ഗോവ കേന്ദ്രഭരണ പ്രദേശമാണെന്നും അവിടെ ചികിത്സിക്കാൻ മതിയായി ആശുപത്രികളില്ലാത്തതുകാരണം കേരളത്തിലെ ആശുപത്രിയിലെത്തി മരിച്ച രോഗിയുടെ കണക്കുകൂടി ഉൾപ്പെടുത്തിയാണ് കേരളത്തിലെ കൊവിഡ് മരണസംഖ്യ നാലായതെന്നുമാണ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞത്. ചാനലിലൂടെ എഴുതി തയ്യാറാക്കിയ കുറിപ്പ് വായിക്കുകയായിരുന്നു മന്ത്രി ചെയ്തത്. ട്വിറ്ററിലൂടെയാണ് പ്രമോദ് സാവന്ത് തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.

തങ്ങളുടെ അറിവിൽ അങ്ങനെയൊരു രോഗി ഗോവയിൽ നിന്നു വന്നിട്ടില്ലെന്നും ഗോവയിൽ നിന്ന് ആരോഗ്യപരിപാലന സംവിധാനമില്ളാത്തതുകാരണം ആരും പുറത്തുപോയിട്ടില്ലെന്നും സാവന്ത് പറഞ്ഞു. ഗോവയിൽ കൊവിഡിനായി പ്രത്യേകം ആശുപത്രിയുണ്ട്. ഏഴ് പേർ ഇവിടെ നിന്ന് രോഗം പൂർണമായി ഭേദമായിട്ടാണ് ആശുപത്രി വിട്ടത്. ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊവിഡ് ചികിത്സയ്ക്കായി ഗോവയിലേക്ക് രോഗികൾ വരുന്നുണ്ട്. ഗോവയിൽ മികച്ച ആരോഗ്യപരിപാലന സംവിധാനമാണ് ഉള്ളതെന്നും ഏഷ്യയിലെ മികച്ചതും പഴക്കം ചെന്നതുമായ മെഡിക്കൽ കോളേജ് ഗോവയിലാണെന്നും ഡോ.പ്രമോദ് സാവന്ത് പറഞ്ഞു.