
തിരുവനന്തപുരം: ലോക്ക് ഡൗൺ ആരംഭിച്ചശേഷം ഇതുവരെ അമിതവില,തൂക്കംവെട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകളിലൂടെ ഉപഭോക്താക്കളെ വഞ്ചിച്ചതിന് വിജിലൻസ് പിടിയിലായത് 5631 വ്യാപാരികൾ. ലോക്ക് ഡൗണിന്റെ ഭാഗമായി വിജിലൻസ് പരിശോധന ആരംഭിച്ച മാർച്ച് 30 മുതൽ ഇന്നലെവരെയുള്ള കണക്കാണിത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം വ്യാപാരികൾ ക്രമക്കേടുകൾ നടത്തി വിജിലൻസിന്റെ വലയിൽ വീണത്.1587 വ്യാപാരികളെയാണ് വിവിധതരത്തിലുള്ള ക്രമക്കേടുകൾക്ക് തലസ്ഥാന ജില്ലയിൽ പിടികൂടിയത്. വയനാട്ടിലാണ് ഏറ്റവും കുറവ് (73കേസുകൾ). മറ്റ് ജില്ലകളിലെ കണക്കുകൾ ഇപ്രകാരമാണ്.എറണാകുളം-426
കൊല്ലം -441, തൃശ്ശൂർ-247,കോഴിക്കോട് -
385, പത്തനംതിട്ട- 350,കോട്ടയം- 447,ഇടുക്കി-301, മലപ്പുറം-278, കാസർകോട് -249, പാലക്കാട് - 321,ആലപ്പുഴ - 364, കണ്ണൂർ-162.
നിത്യോപയോഗ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതായും, ചിലർ വൻതോതിൽ സാധനങ്ങൾ സംഭരിക്കുന്നതായും പരിശോധനയിൽ വ്യക്തമായി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അമിത വില ഈടാക്കുന്നതായും പരിശോധനയിൽ തെളഞ്ഞു.
വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിജിലൻസ് ഇന്റലിജൻസ് എസ്.പി. ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ് മേധാവികളും പങ്കെടുത്തു.പരിശോധനകൾ വരുംദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.