
കളിക്കാർക്ക് പരിശീലനത്തിന് മാർഗനിർദ്ദേശങ്ങളുമായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ
ന്യൂഡൽഹി: ലോകമെങ്ങും ലോക്ക് ഡൗണിൽ നിന്ന് പതിയെ ഉണർന്ന് കായിക മത്സരങ്ങളും പരിശീലനവും പുനരാരംഭിക്കാൻ തുടങ്ങിയതോടെ വിവിധ രാജ്യങ്ങളിലെ ഹോക്കി താരങ്ങൾക്ക് പരിശീലനം വീണ്ടും തുടങ്ങാനുള്ള മാനദണ്ഡങ്ങൾ ഫെഡറേഷൻ ഒഫ് ഇന്റർ നാഷണൽ ഹോക്കി പുറത്തിറക്കി. പരിശകലനത്തിനിടെ കളിക്കാർ പന്ത് കൈകൊണ്ട് തൊടരുത് എന്നത് ഉൾപ്പടെയാണ് ഒരു ഡസൻ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് വേണം പരിശീലനം നടത്താനെന്നാണ് ഫെഡറേഷന്റെ അറിയിപ്പ്.
ഇന്ത്യയിൽ സ്റ്റേഡിയങ്ങൾ തുറക്കാൻ തിങ്കളാഴ്ച മുതൽ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. കാണികളില്ലാതെ മത്സരം നടത്താനാണ് അനുമതി. ദക്ഷിണ കൊറിയയിലും ജർമ്മനിയിലും ഫുട്ബാൾ ലീഗുകൾ പുനരാരംഭിച്ചുകഴിഞ്ഞു.സ്‌പെയ്ൻ, ഇറ്റലി, ഇംഗ്ളണ്ട് എന്നിവിടങ്ങളിൽ ഫുട്ബാൾ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇൗ രാജ്യങ്ങളിൽ ഹോക്കിയും പ്രാധാന്യമുള്ള കായിക ഇനമാണ്. അതുകൊണ്ടുതന്നെ താരങ്ങൾക്ക് പരിശീലനം തുടങ്ങാൻ അനുമതി ലഭിക്കുമെന്നാണ് എഫ്.ഐ.എച്ച് പ്രതീക്ഷിക്കുന്നത്.
നാലുഘട്ടങ്ങളിലായി പരിശീലനം പുനരാരംഭിക്കാനാണ് ഫെഡറേഷൻ നിഷ്‌കർഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ വ്യക്തിഗത പരിശീലനം മാത്രം മതി. രണ്ടാം ഘട്ടത്തിൽ ചെറിയ ഗ്രൂപ്പുകളായുള്ളള പരിശീലനം ആവാം. എന്നാൽ പരസ്പരം സ്പർശിക്കരുത്.മൂന്നാം ഘട്ടത്തിൽ ചെറിയ ശ്രൂപ്പുകളായി ടാക്ലിംഗ് ഉൾപ്പടെ ശാരീരിക സ്പർശനം ആവശ്യമുള്ള പരിശീലനമാകാം. നാലാം ഘട്ടത്തിലേ മുഴുവൻ ടീമായി പരിശീലനം നടത്താവൂ.
ഫെഡറേഷൻ ഒഫ് ഇന്റർ നാഷണൽ ഹോക്കിയുടെ ഹെൽത്ത് ആൻഡ് സേഫ്‌റ്റി കമ്മിറ്റി തലവൻ ഇന്ത്യക്കാരനായ ഡോക്ടർ ബി.കെ നായകാണ് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ ചുക്കാൻ പിടിച്ചത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ നരീന്ദർ ബത്രയാണ് എഫ്.ഐ.എച്ച് പ്രസിഡന്റും.
ജൂലായ് വരെ മാറ്റിവച്ചിരിക്കുന്ന പ്രോ ലീഗിലൂടെ അന്താരാഷ്ട്ര മത്സരങ്ങൾ പുനരാരംഭിക്കാനാണ് ഹോക്കി ഫെഡറേഷന്റെ നീക്കം
മാർഗനിർദ്ദേശങ്ങൾ
1.കളിക്കാർ അതത് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ ഉളളവർ പരിശീലനത്തിന് ഇറങ്ങരുത്.
2.പരിശീലനത്തിന് സ്റ്റേഡിയങ്ങളിലെത്താൻ സ്വന്തം വാഹനങ്ങളോ കാൽനടയോ മാത്രം ആശ്രയിക്കുക. പൊതു വാഹനം വേണ്ട.
3. പരിശീലനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രം എത്തുക.
4. പരിശീലനം കഴിഞ്ഞാലുടൻ മടങ്ങുക
5. പന്തിൽ കൈകൊണ്ട് തൊടാതിരിക്കുക
6. പരിശീലനത്തിനെത്തുന്നവർ തമ്മിൽ ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കുക.
7. ഹസ്തദാനവും കൈകൂട്ടിയടിച്ചുള്ള ആഘോഷങ്ങളും പാടില്ല.
8. പരിശീലനത്തിന് മുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കുക
9. തുപ്പരുത്, ഗോളിമാർ മൗത്ത് ഗാർഡ് കൈകൊണ്ട് തൊടരുത്.
10. കുടിക്കാനുള്ള വെള്ളം സ്വന്തം വാട്ടർബോട്ടിലിൽ കൊണ്ടുവരിക.
11. അവരവരുടെ സ്റ്റിക്കും ഷിൻ പാഡും ഗോൾകീപ്പിംഗ് കിറ്റും മാത്രം ഉപയോഗിക്കുക.
12. പരിശീലനം കഴിഞ്ഞ് നേരേ താമസസ്ഥലത്തേക്ക് തന്നെ പോകുക.