കോഴിക്കോട്: സംസ്ഥാനത്ത് സ്വർണാഭരണ വ്യാപാരശാലകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. സർക്കാർ നിർദേശം പാലിച്ച്, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് ഷോറൂമുകൾ തുറക്കുകയെന്ന് കേരള ജുവലേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്രി വ്യക്തമാക്കി. രോഗവ്യാപന സാദ്ധ്യത തടയാൻ ഷോറൂമുകൾ അണുവിമുക്തമാക്കുകയും ജീവനക്കാർക്കും ഇടപാടുകാർക്കും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യും. ആരോഗ്യസംരക്ഷണത്തിനാണ് പ്രഥമ പരിഗണന. സാനിട്ടൈസർ, മാസ്‌ക് ഉപയോഗങ്ങൾ കർശനമാക്കും.
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താപനില പരിശോധിക്കാനും സംവിധാനമുണ്ടാകും. ലോക്ക്ഡൗണിൽ കഴിഞ്ഞ രണ്ടുമാസക്കാലം അടച്ചിട്ടതിനെ തുടർന്ന്, സ്വർണവ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഏറ്റവും മികച്ച വില്പന സീസണുകളിലൊന്നാണ് നഷ്‌ടമായത്.
ഷോപ്പുകളുടെ വാടക, ജീവനക്കാരുടെ ശമ്പളം, വായ്‌പാപലിശ എന്നിങ്ങനെ കോടികളുടെ ബാദ്ധ്യത ഓരോ ജുവലറി ഉടമയ്ക്കുമുണ്ട്. സ്വർണക്കടകൾ അടച്ചിട്ടതിനാൽ കോടികളുടെ നികുതി വരുമാനനഷ്‌ടം സർക്കാരിനുമുണ്ടായി.
വീഡിയോ ആപ്പിലൂടെ നടന്ന യോഗത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്രി ചെയർമാൻ ബി. ഗിരിരാജൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്രി കൺവീനർ എം.പി. അഹമ്മദ്, ഡോ.ബി. ഗോവിന്ദൻ, ടി.എസ്. കല്യാണരാമൻ, ജോയ് ആലുക്കാസ്, ബാബു എം. ഫിലിപ്പ്, ജസ്‌റ്രിൻ പാലത്ര, കെ. സുരേന്ദ്രൻ, ഷാജു ചിറയത്ത്, രാജീവ് പോൾ ചുങ്കത്ത്, കോ-ഓർഡിനേറ്റർ അഡ്വ.എസ്. അബ്‌ദുൽ നാസർ എന്നിവർ സംസാരിച്ചു.
''കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ആയിരക്കണക്കിന് മുൻനിര പ്രവർത്തകരുടെയും സർക്കാർ ജീവനക്കാരുടെയും ജനങ്ങളുടെയും സമഗ്ര പരിശ്രമത്താലാണ് വീണ്ടും ബിസിനസിനായി തുറന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത്"
ടി.എസ്. കല്യാണരാമൻ,
ചെയർമാൻ ആൻഡ് മാനേജിംഗ്
ഡയറക്‌ടർ, കല്യാൺ ജുവലേഴ്‌സ്.