kerala

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർ രോഗ ലക്ഷണങ്ങൾ മനഃപൂർവം മറച്ചുവയ്ക്കാനായി ശ്രമം നടത്തുന്നതായി പരാതി. ഇത്തരത്തിൽ ആരോഗ്യ സ്ഥിതി(മെഡിക്കൽ ഹിസ്റ്ററി) വെളിപ്പെടുത്താതിരുന്നതിന് കൊല്ലം സ്വദേശികളായ മൂന്ന് പ്രവാസികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് ദിവസം മുൻപ് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്കെത്തിയ ഇവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.

എന്നാൽ അബുദാബിയിൽ നിന്നും വിമാനം കയറുന്നതിന് മുൻപുതന്നെ ഇവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇവർ മൂന്നുപേരും വിമാനത്തിൽ കയറും മുൻപുതന്നെ കൊവിഡ് പോസിറ്റീവ് ആയിരുന്നുവെന്നും അവസാന നിമിഷമാണ് ഇവർക്ക് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കയറാനായതെന്നും പറയപ്പെടുന്നു.

ഈ അവസ്ഥയിൽ ഇവരോടൊപ്പം യാത്ര ചെയ്ത എല്ലാവരോടും അടിയന്തരമായി കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവരിൽ ചിലർ വിമാനങ്ങളിൽ കയറും മുൻപ് രോഗലക്ഷണങ്ങൾ മറച്ചുവയ്ക്കാനായി ശ്രമം നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

വിമാനങ്ങളിൽ കയറുംമുൻപുള്ള തെർമൽ സ്കാനിംഗിൽ രോഗലക്ഷണങ്ങൾ കണ്ടെത്താതിരിക്കാൻ പാരാസിറ്റമോൾ പോലുള്ള ഗുളികകൾ കഴിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിലുള്ള ചിലരുടെ പ്രവർത്തനങ്ങൾ 'തീർത്തും നിരുത്തരവാദപര'മാണെന്നും ഇക്കാര്യം കേന്ദ്രം സർക്കാരുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്.നിലവിൽ 142 പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.