ചെന്നൈ: പാമ്പുകൾ ഉൾപ്പെടെ ഉരഗവർഗത്തിൽപ്പെട്ട ജന്തുക്കളുടെ വളർത്തുകേന്ദ്രമാണ് ചെന്നൈയിലെ 'മദ്രാസ് ക്രോക്കൊഡൈൽ ബാങ്ക് ട്രസ്റ്റ്'. കൊവിഡിനെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ക്രോക്കൊഡൈൽ ബാങ്ക് ട്രസ്റ്റിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. മാർച്ച് 24ന് ശേഷം ലോക്ക്ഡൗൺ കാരണം ഒരു സന്ദർശകൻ പോലും ഇവിടെ വന്നിട്ടില്ല.
ഇന്ത്യയുടെ സ്വന്തം മീൻ മുതലകൾ, മുതലകുഞ്ഞുങ്ങൾ, മഗ്ഗർ മുതലകൾ, സയാമീസ് മുതലകൾ, അപൂർവ്വമായ പല്ലികൾ, കാട്ടാമ, വെള്ള മൂർഖൻ, ഗ്രീൻ അനക്കോണ്ട, നീല ഇഗ്വാന, ഗ്രീൻ ഇഗ്വാന, സീഷെൽസിലെ ഭീമൻ ആമ ഇങ്ങനെ അപൂർവ്വമെന്നോ അത്യപൂർവ്വമെന്നോ പറയാവുന്ന ഒട്ടനവധി ഇഴജന്തുക്കളുടെ വളർത്തുകേന്ദ്രമാണ് ചെന്നൈയിലെ 'മദ്രാസ് ക്രോക്കൊഡൈൽ ബാങ്ക് ട്രസ്റ്റ്'. അമേരിക്കയിൽ ജനിച്ച് ഇന്ത്യയിലെത്തിയ ഹെർപറ്റോളജിസ്റ്റ് (ഉരഗങ്ങളെ കുറിച്ച് പഠിക്കുന്നയാൾ) റോമുലസ് വിറ്റേക്കറാണ് ഇത് സ്ഥാപിച്ചത്. ജൂൺ വരെ ഒരു ലക്ഷത്തോളം സന്ദർശകരുടെ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
80 ലക്ഷം വരെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രസ്റ്റ് ജോയിന്റ് ഡയറക്ടർ ആൽവിൻ യേശുദാസൻ പറയുന്നു. പ്രവർത്തനം ബുദ്ധിമുട്ടിലായതോടെ ജീവനക്കാരുടെ ശമ്പളം 10 മുതൽ 50 ശതമാനം വരെ കുറച്ചു. ഫണ്ട് ഇല്ലാതായാൽ കൃത്യമായ പരിചരണവും ഭക്ഷണവും മൃഗങ്ങൾക്ക് നൽകാൻ പ്രയാസമാണെന്ന് ആൽവിൻ പറയുന്നു.
ഏപ്രിൽ മാസത്തിൽ നടത്തിയ ക്യാമ്പെയിൻ വഴി 3.5 ലക്ഷം രൂപ പിരിച്ചെടുക്കാനായി. അഫൂർവ ജീവികളുടെ സംരക്ഷണത്തിനായി പൊതുജനങ്ങളിൽ നിന്ന് സഹായം തേടുകയാണ് ട്രസ്റ്റ്.
2015ൽ ചെന്നൈയെ പിടിച്ചുലച്ച പ്രളയത്തിൽ ഇവിടെ നിന്നും മുതലകൾ പുറത്തുചാടി എന്ന് ആരോപണം ഉണ്ടായിരുന്നു. ലോകമാകെയുള്ള മൃഗസ്നേഹികളിൽ നിന്ന് സഹായത്തിനായി കാത്തിരിക്കുകയാണ് ക്രൊക്കൊഡൈൽ ട്രസ്റ്റ് അധികൃതർ.