she

കൊച്ചി: മുടി വെട്ടുന്നതിന് മാത്രമായി ബ്യൂട്ടി പാർലറുകൾ തുറക്കാൻ സാധിക്കില്ലെന്നും അത് വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിവെക്കുമെന്നും വ്യക്തമാക്കി ആൾ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ. ബ്യൂട്ടി പാർലറുകൾ തുറക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെന്നും ഇവർ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി. ലോക്ക്ഡൗൺ മൂലം നീണ്ട കാലം പാർലറുകൾ പൂട്ടിയിട്ടതിനാൽ വില കൂടിയ ക്രീമുകളും ഉപകരണങ്ങളും നശിച്ചതായും ഇവർ വ്യക്തമാക്കി.

സ്ത്രീകള്‍ക്കായി നടത്തപ്പെടുന്ന ബ്യൂട്ടി പാര്‍ലറുകളിലെ പ്രവർത്തനത്തിന്റെ 20 ശതമാനം മാത്രമാണ് ഹെയര്‍കട്ടിംഗ്. മുടി മുറിക്കുക എന്ന ആവശ്യത്തിന് മാത്രമായി പാര്‍ലറുകൾ തുറക്കുന്നത് വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുക. അതിനാൽ ഫേഷ്യൽ ഒഴികയുള്ള മറ്റ് വര്‍ക്കുകൾ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം അനുസരിച്ച് ചെയ്യുവാനുള്ള അനുവാദം സര്‍ക്കാർ നൽകണം. ഇതാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

മാത്രമല്ല, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ എംഎസ്എംഇ പരിധിയിൽ ബ്യൂട്ടീപാര്‍ലറുകളെക്കൂടി ഉൾപ്പെടുത്തി ലോണുകൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ അഭ്യർത്ഥിക്കുന്നു. ഈ മാർഗങ്ങളിലൂടെ മാത്രമാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും തങ്ങൾക്ക് കയറാൻ സാധിക്കൂ എന്നും ഇപ്പോൾ തങ്ങൾ വലിയ കടബാദ്ധ്യതയിൽ അകപ്പെട്ടിരിക്കുകയാണെന്നും ആൾ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വ്യക്തമാക്കി.