ലക്നൗ: ഉത്തർപ്രദേശ് സാംബാൽ ജില്ലയിൽ സമാജ്വാദി പാർട്ടി നേതാവിനെയും മകനെയും പട്ടാപ്പകൽ വെടിവച്ചു കൊലപ്പെടുത്തി. ഛോട്ടേലാൽ ദിവാകർ, മകൻ സുനിൽ ദിവാകർ എന്നിവരാണ് കൊല്ലപ്പെട്ടത്. എം.എൻ.ആർ.ഇ.ജി.എ പദ്ധതി പ്രകാരം ഗ്രാമത്തിൽ റോഡ് നിർമ്മിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ബെഹ്ജോയ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫത്തേപുർ ഗ്രാമത്തിൽ ഇന്നലെ രാവിലെയാണ് സംഭവം. ഛോട്ടേലാൽ ദിവാകറും മകൻ സുനിലും റോഡ് പണി പരിശോധിക്കുന്നതിനിടെ, അവിടെയുണ്ടായിരുന്ന രണ്ടുപേരുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ വെടി വയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ ഒരാൾ വെടിയുതിർക്കാൻ പറയുന്നത് കേൾക്കാം. മറ്റുചിലർ പ്രകോപിതരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഛോട്ടേ ലാൽ ദിവാകറും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഛോട്ടേലാൽ ദിവാകർ മത്സരിച്ചിരുന്നു. ഛോട്ടേലാലിന്റെ ഭാര്യ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു.