covid-vaccine

ബീജിംഗ്: തങ്ങൾ കണ്ടെത്തിയ പുതിയ മരുന്ന് കൊവിഡ് രോഗം തുടച്ചുനീക്കുമെന്നും വാക്സിനില്ലാതെ തന്നെ രോഗപ്രതിരോധം സാദ്ധ്യമാണെന്നുമുള്ള അവകാശവാദവുമായി ചൈനയിലെ പെക്കിംഗ് സർവകലാശാലാ ശാസ്ത്രജ്ഞർ. ഈ മരുന്ന് കഴിച്ചാൽ രോഗത്തിൽ നിന്നും മുക്തി നേടാൻ താരതമ്യേന വളരെ കുറച്ച് സമയം മാത്രമേ ആവശ്യമായി വരികയുള്ളൂവെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.

കൊവിഡ് വൈറസ് ബാധിച്ച എലികളിൽ തങ്ങൾ ഈ മരുന്ന് കുത്തിവച്ചുവെന്നും ശേഷം അഞ്ച് ദിവസത്തിനുള്ളിൽ എലികൾ രോഗത്തിൽ നിന്നും കാര്യമായ പുരോഗതി നേടിയെന്നുമാണ് സർവകലാശാലയിലെ ബീജിംഗ് അഡ്വാൻസ്ഡ് ഇനവേഷൻ സെന്റർ ഫോർ ജീനോമിക്സിലെ ഡയറക്ടറായ സണ്ണി ഷി പറയുന്നത്.

തങ്ങൾ രാവും പകലും കഷ്ടപ്പെട്ടാണ് ഈ 'അത്ഭുതമരുന്ന്' വികസിപ്പിച്ചെടുത്തതെന്നും ഷി വ്യക്തമാക്കുന്നു. അധികം വൈകാതെ തന്നെ മരുന്നിന്റെ ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. ആസ്‌ത്രേലിയ പോലുള്ള രാജ്യങ്ങളിലാകും മരുന്നിന്റെ മനുഷ്യരിലുള്ള ട്രയലുകൾ നടക്കുകയെന്നും ചൈനയിൽ അതിനായി ആളെ കിട്ടാൻ ബുദ്ധിമുട്ടാണെന്നും ഷി കൂട്ടിച്ചേർത്തു.

രോഗത്തിൽ നിന്നും മുക്തി നേടിയ 60 പേരുടെ രക്തത്തിൽ നിന്നും ശേഖരിച്ച ആന്റിബോഡികൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ മരുന്ന് വികസിപ്പിച്ചെടുത്തത്. പുറത്തുവരുന്ന വിവരപ്രകാരം കൊവിഡിനെതിരായി അഞ്ച് തരം വാക്സിനുകൾ ചൈന വികസിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

കൊവിഡ് വാക്സിനുകൾ വികസിപ്പിച്ചെടുക്കാനായി 12 മുതൽ 18 മാസം വരെ സമയമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ച സാഹചര്യത്തിലാണ് ചൈന വാക്സിനുകളുമായി രംഗത്ത് വരുന്നതെന്നും ശ്രദ്ധേയമാണ്.

കൊവിഡ് രോഗത്തിന്റെ സാഹചര്യത്തിൽ വാക്സിനുകൾ വിറ്റഴിച്ച് വൻ ലാഭമുണ്ടാക്കാനുള്ള ശ്രമമാണോ ചൈനയുടേതെന്നും സംശയങ്ങളുയരുന്നുണ്ട്. 2019 നവംബർ മാസാവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ നിന്നും കൊവിഡ് രോഗം പൊട്ടിപുറപ്പെട്ടത്. രോഗം പിന്നീട് അതിവേഗം ലോകമാകെ വ്യാപിക്കുകയായിരുന്നു.