തിരുവനന്തപുരം : കൊവിഡിന് 19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബി.ബി.സിയിൽ നടന്ന ചർച്ചയിൽ താൻ നടത്തിയ പരാമർശം തെറ്റായി സംഭവിച്ചതാണെന്നും, പരാമർശം തിരുത്തുന്നുവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തിൽ മൂന്നുമരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാൽ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാൻ ഉദ്ദേശിച്ചത്. എന്നാൽ ഞാൻ പറഞ്ഞു വന്നപ്പോൾ ഗോവ എന്നായിപ്പോയി. തെറ്റായ പരാമർശം ഞാൻ തിരുത്തുകയാണ്. തുടർന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു.
ഗോവയ്ക്കെതിരായ പരാമർശത്തിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്ത് വന്നിരുന്നു. ബി.ബി.സി ചർച്ചയ്ക്കിടെ അവതാരക കേരളത്തിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് മന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലായിരുന്നു മന്ത്രിയുടെ ഗോവ പരാമർശം. കേരളത്തിൽ ഇതുവരെ നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതിലൊരാൾ ഗോവയിൽ നിന്നും ചികിത്സ തേടി എത്തിയതാണ്. ഗോവയിൽ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് ഇയാൾ കേരളത്തിലെത്തിയത് എന്ന് മന്ത്രി മറുപടി നല്‍കി.
ഈ പരാമർശം അമ്പരപ്പുണ്ടാക്കിയെന്ന് പ്രമോദ് സാവന്ത് ട്വിറ്ററിൽ കുറിച്ചു. ഇത് തെറ്റായ പ്രസ്താവനയാണ്. ഗോവയിൽ കൊവിഡ് ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിന്റെ പേരിൽ ഒരാളും കേരളത്തിലേക്ക് പോയിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രി തെറ്റ് തിരുത്തി വിശദീകരണം നൽകിയത്.