കൊച്ചി : ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിംഗാൻ ക്ളബ് വിടുന്നതായി സൂചനകൾ.ക്ളബിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് താരം ബന്ധം വേർപെടുത്താൻ തീരുമാനിച്ചതെന്നറിയുന്നു. മുൻ നിര കളിക്കാർ പലരോടും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിഫലത്തിൽ കുറവ് വരുത്താൻ ക്ളബ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മറ്റു ക്ളബുകളിൽ അവസരം തേടാൻ ജിംഗാൻ തീരുമാനിച്ചത്.
ബ്ളാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ (76) കളിച്ചസെൻട്രൽ ഡിഫൻഡറായ ജിംഗാന് വലിയ ആരാധക നിരയെയും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. ക്ളബിന്റെ നായകത്വവും ജിംഗാനിലായിരുന്നു.കഴിഞ്ഞ സീസണിൽ പരിക്ക്മൂലം ഒരു മത്സരത്തിലും ജിംഗാന് കളിക്കാൻ കഴിയാതിരുന്നത് ബ്ളാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരുന്നു. പരിക്കിൽ നിന്ന് മോചിതനായി പുതിയ സീസണിനായി തയ്യാറെടുക്കുന്നതിനിടയിലാണ് ക്ളബ് മാനേജ്മെന്റ് പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി എത്തിയത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സെൻട്രൽ ഡിഫൻഡറായി പരിഗണിക്കപ്പെടുന്ന ജിംഗാനെ ഇൗ വർഷത്തെ അർജുന അവാർഡിനായി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ശുപാർശ ചെയ്തിരുന്നു.