കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരവും ക്യാപ്ടനുമായിരുന്ന സന്ദേശ് ജിംഗാൻ ക്ലബി വിടുന്നതായി റിപ്പോർട്ട്. ആറുവർഷമായി ബ്ലാസ്റ്റേഴ്സിന്റെ താരമാണ് ജിംഗാൻ. ആദ്യ ഐ.എസ്.എൽ മുതൽ ജിംഗാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. പ്രമുഖ സ്‌പോര്‍ട്‌സ് വെബ്സൈറ്റായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് ക്ലബ് കടന്നുപോകുന്നതെന്ന് ഗോൾ റിപ്പോർട്ട് ചെയ്യുന്നത്. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികളിലൂടെയാണ് ക്ലബ് കടന്നുപോകുന്നത്. എന്നാൽ ജിങ്കാൻ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വാർത്തകളോട് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായ കരോളിസ് സ്‌കിൻകിസ് പ്രതികരിച്ചിട്ടില്ല.
ദേശീയ ടീമിന്റെ ഏറ്റവും മികച്ച പ്രതിരോധതാരമായിരുന്നു ജിംഗാൻ. ഈവർഷത്തെ അർജുന അവാർഡിനും ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ താരത്തെ ശുപാർശ ചെയ്തിരുന്നു. ക്ലബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ജിങ്കാൻ. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളിലാണ് ജിംഗാൻ ബൂട്ടണിഞ്ഞത്.