കൊല്ലം: സ്വകാര്യ ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകൾക്കൊപ്പം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ സജീവമാക്കി. അവധിക്കാല ഓൺലൈൻ ട്യൂഷൻ ക്ലാസുകൾക്ക് മിക്ക സ്ഥാപനങ്ങളും നവ മാദ്ധ്യമങ്ങളിലൂടെ വലിയ പ്രചാരം നൽകുന്നുണ്ട്. പത്താം ക്ലാസിലെ ശേഷിക്കുന്ന മൂന്ന് പരീക്ഷകൾക്കും പ്ലസ് ടു പരീക്ഷകൾക്കും തയ്യാറെടുക്കുന്ന കുട്ടികൾക്ക് അവസാന വട്ട പരിശീലനവും ഓൺലൈൻ വഴിയാണ് നൽകുന്നത്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ, വാട്ട്സ് ആപ്പ് ഗ്രൂപ്പ് വീഡിയോ കോൾ എന്നിവ വഴി പത്തിൽ താഴെ കുട്ടികളടങ്ങുന്ന സംഘത്തിന് വിശദമായ പരിശീലനമാണ് നൽകിയത്. ക്ലാസ് മുറിയിലെന്ന പോലെ കുട്ടികൾക്കെല്ലാം വിശദമായി കേൾക്കാനും കാണാനും കഴിയുന്ന ഓൺലൈൻ വീഡിയോ ക്ലാസുകൾക്ക് പ്രത്യേക സോഫ്ട്‌വെയറുകൾ തയ്യാറാക്കിയ സ്ഥാപനങ്ങളുമുണ്ട്.
അസമയവും അവധി ദിനങ്ങളുമില്ല
അസമയങ്ങളും അവധി ദിനങ്ങളും ഇല്ലെന്നതാണ് ഓൺലൈൻ ക്ലാസുകളുടെ വലിയ പ്രത്യേകത. സന്ധ്യയ്ക്ക് 6.30 മുതൽ രാത്രി 8.30 വരെ ഓൺലൈൻ ക്ലാസ് നടത്തുന്ന പി.എസ്.സി പരിശീലന സെന്ററുകൾ ഏറെയുണ്ട്. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമല്ല, ക്ലാസുകൾ നിലച്ച പി.എസ്.സി പരിശീലന കേന്ദ്രങ്ങൾക്കും മടങ്ങി വരവിന്റെ വഴിയാണ് ഓൺലൈൻ ക്ലാസുകൾ. കൊവിഡ് ദുരിതം മാറി ക്ലാസുകൾ എന്നാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
''
ഓൺലൈൻ ട്യൂഷൻ ക്ലാസുകളോട് കുട്ടികൾക്കും വലിയ താത്പര്യമാണ്. ഓൺലൈനിലെ പുതിയ പഠന സങ്കേതങ്ങളുടെ സാദ്ധ്യതകൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരു പോലെ പഠിക്കുകയാണ്.
ആർ. രവികുമാർ
അദ്ധ്യാപകൻ