അബുദാബി: റസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് ജൂണ്‍ ഒന്നാം തീയതി മുതല്‍ രാജ്യത്തേക്ക് മടങ്ങാമെന്ന അറിയിപ്പുമായി യു.എ.ഇ. തിങ്കളാഴ്ച രാത്രിയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. യു.എ.ഇയിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ (ഐ.സി.എ) വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ തവാജുദി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. രാജ്യത്ത് കുടുംബാംഗങ്ങൾ ഉള്ളവർക്കാണ് ആദ്യ പരിഗണന ലഭിക്കുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തൂങ്ങിയ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ പരിഗണന നൽകും. പ്രത്യേക വിമാനത്തിലായിരിക്കും പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരം എന്നാണ് പുറത്തുവരുന്ന വിവരം. മടങ്ങിയെത്തുന്നവര്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അത്രയും ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മടങ്ങിവരവിനുള്ള അപേക്ഷ നല്‍കാനായി കളര്‍ ഫോട്ടോ, വിസയുടെ പകര്‍പ്പ്, പാസ്‍പോര്‍ട്ടിന്റെ പകര്‍പ്പ്, രാജ്യത്ത് നിന്ന് പുറത്ത് പോയത് തെളിയിക്കുന്നതിനാവശ്യമായ രേഖ എന്നിവയാണ് വേണ്ടത്. ജോലി സ്ഥലത്തുനിന്നോ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന കത്തോ ടൂറിസം ആവശ്യങ്ങള്‍ക്കായി പോയവര്‍ക്ക് വിമാന ടിക്കറ്റിന്റെ പകര്‍പ്പോ രാജ്യത്തു നിന്ന് പുറത്ത് പോയതിനുള്ള രേഖയായി നല്‍കാവുന്നതാണ്. വെബ്സൈറ്റ് വഴിയുള്ള അപേക്ഷ അധികൃതര്‍ സ്വീകരിച്ച ശേഷം യാത്രാ അനുമതി നൽകിയാൽ മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ പാടുള്ളൂ.