ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക്. മരണ സംഖ്യ 324,910 ആയി ഉയർന്നു. ഏറ്റവും കൂടുതൽ രോഗികളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. പതിനഞ്ച് ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തഞ്ഞൂറോളം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 91872 ആയി.
അമേരിക്കയിൽ ഇരുപത്തിരണ്ടായിരത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. യു.എസ് കഴിഞ്ഞാൽ റഷ്യയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ എണ്ണായിരത്തിലധികം പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്ന് ലക്ഷത്തിനടുത്ത് രോഗബാധിതരാണ് റഷ്യയിലുള്ളത്. 2837പേർ മരിച്ചു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രണ്ടേ മുക്കാൽ ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ മരിച്ചത്.യു.കെയിൽ രണ്ട് ലക്ഷത്തി അമ്പതിനായിരത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 226,699 ആയി ഉയർന്നു.
അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,01,139 ആയി ഉയർന്നു. മരണസംഖ്യ 3163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,900ത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 35,000 പിന്നിട്ടു.