അഴക് എന്ന് പറയുന്നത് മുഖത്തിന് മാത്രമല്ല, മറിച്ച് അത് മുടിയ്ക്കും കൂടിയാണ്. അതിനാൽ തന്നെ മുഖസൗന്ദര്യം സംരക്ഷിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് എല്ലാവരും മുടിയും സംരക്ഷിക്കുന്നത്. എന്നാൽ ഇന്ന് മിക്കവരിലും കാണുന്ന ഒന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥ, ഭക്ഷണം, തിരക്കിട്ട ദിനചര്യ, ജോലിഭാരം, സമ്മർദ്ദം എന്നിവയൊക്കെ ഇതിനു കാരണമാകുന്നു. ഇതൊക്കെ മുടികൊഴിച്ചിലിന് സാധാരണ കാരണമാണെങ്കിലും മുടിയുടെ ആരോഗ്യവും ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതാണ്.
മുടി വളരാൻ ആവശ്യമായ അന്തരീക്ഷം ലഭിക്കാത്തതും സാധാരണയായി മുടി കൊഴിയാൻ കാരണമാകുന്നു. മറ്റ് പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നു. മുടി കൊഴിയാൻ തുടങ്ങിയാൽ പിന്നെ മനസ്സിന് ഒരു സമാധാനവും ഉണ്ടാകില്ല. എങ്ങനെയും ഇത് തടയണം എന്ന ചിന്ത മാത്രമായിരിക്കും. അതിന് വിപണിയിൽ ഇറങ്ങുന്ന എല്ലാതരം എണ്ണകളും ഷാംപൂവും വരെ വാങ്ങി ഉപയോഗിക്കുന്നു എങ്കിലും ഫലം അത് തന്നെ. ഇതിനെല്ലാം പരിഹാരം കാണാൻ സാധിക്കുന്ന ഒന്നാണ് കറിവേപ്പില.
കറിവേപ്പിലയ്ക്ക് എങ്ങനെയാണ് ഇതിനെല്ലാം പരിഹാരം കാണാൻ സാധിക്കുന്നത് എന്ന് നോക്കാം. കറിവേപ്പില കൊണ്ട് ഹെയർ ടോണിക് ഉണ്ടാക്കി മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കാം. ഒരു കൈ നിറയെ കറിവേപ്പില എടുത്ത് വെളിച്ചെണ്ണയിൽ ചൂടാക്കി ഈ എണ്ണ തലയിൽ തേച്ച് പിടിപ്പിക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടുക. പതിനഞ്ച് ദിവസത്തിനുള്ളിൽ നിങ്ങള്‍ക്കു മാറ്റം സംഭവിക്കുന്നത് അറിയാൻ സാധിക്കും. ഇത് മുടി വളരാൻ സഹായിക്കുന്നതിനൊപ്പം മുടി നരയ്ക്കുന്നതും തടയുന്നു.
കറിവേപ്പില നന്നായി അരച്ചെടുത്ത് അതില്‍ അൽപം തൈരും ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ഇത് മുടി വളരാൻ സഹായിക്കുന്നതിനൊപ്പം മുടിയെ തിളക്കമുള്ളതും സ്മൂത്തുമാക്കുന്നു.
കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിലേക്ക് അല്പം നാരങ്ങനീരും പഞ്ചസാരയും ചേർക്കുക. ഒരാഴ്ച സ്ഥിരമായി ഈ ചായ കുടിക്കുക. ഇത് മുടിവളർച്ച വർധിപ്പിക്കും. ഇതിന് പുറമേ കറിവേപ്പില നേരിട്ട് കഴിക്കുന്നതും നല്ലതാണ്.