-quarantine

റാംപൂർ: 12 വയസുകാരൻ ക്വാറന്റെെൻ കേന്ദ്രത്തിൽ രാത്രി കഴിഞ്ഞത് ഒറ്റയ്ക്ക്. ഉത്തരാഖണ്ഡിലെ ഗംഗാപൂർ ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശിലെ റാംപൂരിൽ നിന്നെത്തിയ ഹൽദ്വാനി പ്രദേശവാസിയാണ് കുട്ടി. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ജില്ലാഭരണകൂടം ഉത്തരവിട്ടു. ഒരു പ്രെെമറി സ്കൂളിലെ കൊവിഡ് ക്വാറന്റെെൻ കേന്ദ്രത്തിലാണ് രാത്രി കുട്ടി ചിലവഴിച്ചത്. കുട്ടിയുടെ അച്ഛൻ രാത്രി അത്താഴം കൊണ്ടുവന്നുകൊടുത്തു.

അത്താഴം നൽകിയതിനുശേഷം പിതാവ് ക്വാറന്റെെൻ കേന്ദ്രത്തിൽ നിന്ന് തിരിച്ചുപോയി. ശേഷം സെക്യൂരിറ്റി ഗാർഡ് ഗെയ്റ്റ് അടയ്ക്കുകയായിരുന്നു. സ്കൂളിൽ ആരുമില്ലാത്തതിനാൽ മകനെ ഒറ്റയ്ക്ക് നിറുത്തി പോരാൻ പിതാവിന് തോന്നിയില്ല. ഇവർ പുറത്ത് കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. ക്വാറന്റെെൻ കേന്ദ്രത്തിനകത്ത് കുട്ടിയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. രാവിലെ ഗേറ്റ് തുറന്നതിനു ശേഷവും കുട്ടിയുടെ അച്ഛൻ പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു.

സുരക്ഷയ്ക്കായി ഗേറ്റ് പൂട്ടിയിരുന്നെന്ന് ഗംഗാപൂർ ഗ്രാമത്തിലെ ഗ്രാമതലവൻ സൻവാൾ പറ‌ഞ്ഞു. "കുട്ടിയുടെ സുരക്ഷയ്ക്കായി ഗേറ്റ് ഞങ്ങൾ അടച്ചിരുന്നു. കുട്ടിയെ പരിപാലിക്കനായി ഒരു ആശ വർക്കർകൂടി ഉണ്ടായിരുന്നെന്നും" സൻവാൾ വ്യക്തമാക്കി. അതേസമയം,​ കുട്ടി കേന്ദ്രത്തിൽ ഒറ്റയ്ക്കുമാത്രമായിരുന്നെന്ന് പിതാവ് ആരോപിച്ചു.

"ഇത് വളരെ ഗുരുതരമായ ഒരു കാര്യമാണ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. രാംപൂരിൽ നിന്ന് കുട്ടിക്ക് ഒറ്റയ്ക്ക് വരാൻ കഴിയില്ല. ക്വാറന്റെെൻ കേന്ദ്രത്തിന്റെ നോഡൽ ഓഫീസറായ നിർമല ജോഷി പറഞ്ഞു. സർക്കാർ മാർഗ നിർദേശം അനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്വാറന്റെെൻ ചെയ്യുമ്പോൾ കുടുംബവുമായി ബന്ധപ്പെടണം"-അവർ പറഞ്ഞു