മോഹൻലാലിന് ഇന്ന് അറുപതാം പിറന്നൾ.
നാലുപതിറ്റാണ്ട് കഴിയുന്നു ഇൗ നടന വിസ്മയം
മലയാളിയുടെ ഹൃദയത്തിൽ, കാഴ്ചയിൽ
വസന്തമായി പടരാൻ തുടങ്ങിയിട്ട്. തലമുറകളെ
ത്രസിപ്പിച്ച പ്രായഭേദമന്യേ പ്രേക്ഷകരെ ഒന്നടങ്കം
വിസ്മയിപ്പിച്ച താരങ്ങളുടെ താരത്തെക്കുറിച്ച്
ആദ്യ നായിക പൂർണിമ ജയറാം ഒാർമ്മിക്കുന്നു......
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" സിനിമയിലെ നരേന്ദ്രൻ ഇപ്പോഴും ഇവിടെതന്നെയുണ്ട്. മോഹൻലാലിന്റെയും ശങ്കറിന്റെയും എന്റെയും ആദ്യ സിനിമ.നായകൻ ശങ്കർ. വില്ലൻ വേഷത്തിൽ ലാൽ. ഒരു തുടക്കക്കാരന്റെ പതർച്ചയില്ലാതെയാണ് നരേന്ദ്രനായി ലാൽ മാറിയത്. ഇരുത്തം വന്ന നടന്റെ പ്രകൃതം.സിനിമാനടനായി ജീവിക്കേണ്ട ആൾതന്നെയാണ് ലാൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നരേന്ദ്രന്റെ ചിരിയും നടത്തവും ഡയലോഗും എല്ലാം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു.
ഞാനും അത് ഏറെ ആസ്വദിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കുമ്പോൾ നായക നിരയിലേക്ക് ഉയരാൻ കഴിയുന്ന പ്രതിഭ ലാൽ എന്ന നടനിൽ ദൃശ്യമാണ്. നാളെ വലിയ നടനായി മാറുമെന്ന തോന്നൽ ആ കഥാപാത്രത്തിലൂടെ തന്നെ തെളിയിച്ചു.ആദ്യ സിനിമയിൽ തന്നെ ലാലിന്റെ ഭാര്യ വേഷം. പിന്നീട് എത്രയോ സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചു. ഏറ്റവും ഒടുവിൽ തമിഴിൽ 'ജില്ല' .നീണ്ട വർഷങ്ങൾക്കുശേഷമാണ് ലാലിനൊപ്പം അഭിനയിക്കുന്നത്. അപ്പോൾ ലാൽ വലിയ താരമാണ്. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ലൊക്കേഷനിൽ കണ്ട ആളിന്റെ ഭാവമായിരുന്നു .
എനിക്ക് അത്ഭുതം തോന്നി. ഇതെന്തൊരു മനുഷ്യൻ . ലാൽ ഒന്നും മറക്കാറില്ല. അന്നത്തെ ഷൂട്ടിംഗ് ഒാർമകൾ പങ്കുവച്ചു. ഇന്നലെ കൊടൈക്കനാലിലെ ലൊക്കേഷനിൽ നിന്ന് വന്നതാണെന്ന തോന്നൽ അപ്പോൾ എനിക്ക് അനുഭവപ്പെട്ടു. ഇരുത്തം വന്ന നടന്റെ പ്രകൃതം അപ്പോഴും ലാലിൽ കണ്ടു.തുടക്കം മുതൽ ഇത് നിലനിറുത്താൻ അപൂർവം താരങ്ങൾക്ക് മാത്രമേ കഴിയൂ.എന്റെ മകനും മകൾക്കും ലാലിനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നരേന്ദ്രൻ എന്ന കഥാപാത്രമായി മോഹൻലാൽ എന്ന നടനെയല്ലാതെ ആരെയും സങ്കല്പിക്കാൻ ഇപ്പോഴും കഴിയില്ല. എപ്പോൾ കണ്ടാലും പുതുമ നൽകാൻ ആ കഥാപാത്രത്തിന് കഴിയുന്നു. അത് ലാൽ എന്ന നടന്റെ നടനവൈഭവത്തിന്റെ മികവാണ്.പ്രഭ നരേന്ദ്രൻ എന്ന് എന്നെ വിളിക്കുന്നവരുണ്ട്. വർഷം എത്ര കഴിഞ്ഞിട്ടും ആ വിളി മായാതെ നിൽക്കുന്നു. ഇടയ്ക്കിടെ വന്നു ഒാർമപ്പെടുത്തുന്നു ആ ഡയലോഗ് - ഗുഡ് ഇവനിംഗ് മിസിസ് പ്രഭ നരേന്ദ്രൻ.