ലഡാക്ക്: കിഴക്കൻ ലഡാക്കിലെ പാങോങ് സോയിലെ ഒരു തടാകത്തിൽ മൂന്നിരട്ടി പട്രോളിംഗ് ബോട്ടുകൾ ഇറക്കി ഇന്ത്യക്കെതിരെ ചൈനയുടെ കടുത്ത പ്രകോപനം. ചിലയിടങ്ങളിൽ ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന വാഹന തിരിച്ചറിയൽ സംവിധാനത്തെ ചൈനീസ് അധികൃതർ ചോദ്യം ചെയ്തു. ലഡാക്കിലുണ്ടായ ഈ പ്രകോപനം ചൈനയുമായി അതിർത്തി പങ്കിടുന്ന എവിടെയും പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് അധികൃതർ അറിയിച്ചു.
45 കിലോമീറ്റർ ദൈർഘ്യമുള്ള പടിഞ്ഞാറൻ ലഡാക്കിലും ഇന്ത്യൻ ആർമിക്ക് ഇത്തരത്തിൽ പട്രോളിംഗ് ബോട്ടുകളുണ്ട്. മുൻപ് 3 ബോട്ടുകളിൽ മാത്രം പട്രോളിംഗ് നടത്തിയിരുന്ന ചൈനീസ് സൈന്യം ഇപ്പോൾ 9ഓളം ബോട്ടുകളിലാണ് നിരീക്ഷണം നടത്തുന്നത്. പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലാണ് ഇവയുടെ പെരുമാറ്റം. ഇന്ത്യ ചൈന അതിർത്തിയിലെ ശരിയായ നിയന്ത്രണ രേഖകൾ തമ്മിൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കമുണ്ട്.
ചൈന കുറച്ച്നാൾ മുൻപ് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്ന് പട്രോളിംഗ് നടത്തിയിരുന്നു. മുൻപ് മേയ് 5,6 തീയതികളിൽ രാത്രി സമയത്ത് ഇന്ത്യയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് ശ്രമം ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യ-പാകിസ്ഥാൻ കാർഗിൽ പോരാട്ട സമയത്ത് വാഹനങ്ങളിൽ ചൈന ഇവിടെ നിർമ്മിച്ച റോഡിൽ പട്രോളിംഗ് നടത്തിയിരുന്നപ്പോൾ ഇന്ത്യൻ സൈനികർ നടന്നാണ് നിരീക്ഷണം നടത്തിയിരുന്നത്.
ഇന്ത്യ സ്വന്തം ഭാഗത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെയും ചൈന ഇവിടെ ചോദ്യം ചെയ്യുകയാണ്. ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിന്റെ കാവലുള്ള ഭാഗങ്ങളിൽ മുൻപ് 2015ൽ ചൈനീസ് പ്രകോപനത്തെ തുടർന്ന് ചെറിയ തോതിൽ ഇരു സേനകളും തമ്മിൽ ഉരസലുമുണ്ടായിട്ടുണ്ട്.