കാഠ്മണ്ഡു: ഇന്ത്യ-നേപ്പാൾ- ചൈന തർക്ക പ്രദേശമായ കാലാപാനി-ലിംപിയാധുര-ലിപുലേക്ക് മേഖല എന്ത് വിലകൊടുത്തും നേപ്പാൾ ഭൂപടത്തിൽ തിരികെ കൊണ്ടുവരുമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ഒലി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകി. നയതന്ത്ര ചർച്ചകളിലൂടെ ഈ പ്രദേശങ്ങൾ തിരികെ കൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങളുണ്ടാകുമെന്ന് ഒലി സൂചിപ്പിച്ചു.
ചൈനയുടെ ഉത്തരവിനെ തുടർന്നാകാം നേപ്പാൾ ഈ വിഷയം ഉയർത്തുന്നതെന്ന ഇന്ത്യൻ കരസേനാ മേധാവി മനോജ് നരവാനേയുടെ അഭിപ്രായത്തെയും ലിപുലേക്ക് വഴി മാനസസരോവരിലേക്കുള്ള റോഡ് ഇന്ത്യൻ പ്രതിരോധ മന്ത്രി ഇ-ഉദ്ഘാടനം നടത്തിയതിനെയും ഒലി വിമർശിച്ചു. തന്റെ സ്ഥാനം സംരക്ഷിക്കാൻ ചൈനയുടെ സഹായമുണ്ടെന്ന ആരോപണവും കെ.പി. ഒലി തള്ളിക്കളഞ്ഞു.
ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് പുതിയ മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി വ്യക്തമാക്കിയിട്ടുണ്ട്.
ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂടിവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഈ പ്രശ്നത്തിൽ കൃത്യമായ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തർക്കപ്രദേശങ്ങൾ ഉൾപ്പെടുന്ന പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാൾ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ ഭൂപടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നേപ്പാളിന്റെ ഭരണഘടന ഭേദഗതി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ൽ അന്നത്തെ നേപ്പാൾ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിൽ ഒപ്പുവച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം. സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രദേശങ്ങളിൽ സ്ഥിരമായ സേനാവിന്യാസം ഇന്ത്യ നടത്തിയത് 1962 ലെ ചൈനയുമായുള്ള യുദ്ധത്തോടെയാണ്. അന്നുമുതൽ ഈ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിദ്ധ്യയമുണ്ട്.