അബുദാബി:- യു.എ.ഇയിൽ നിന്ന് ഇസ്രായേലിലേക്ക് ചരിത്രത്തിലാദ്യമായി എത്തിഹാദ് വിമാനം പറന്നു. പലസ്തീനിലെ കൊവിഡ് പ്രതിരോധത്തിനായുള്ള 14 ടണ്ണോളം വരുന്ന അത്യാവശ്യ മെഡിക്കൽ വസ്തുക്കളാണ് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ അബുദാബിയിൽ നിന്നും ഇസ്രായേലിലെ ബെൻ ഗുരിയോൺ എയർപോർട്ടിലേക്ക് എത്തിച്ചത്.
ഇറാനുമായുള്ള ശത്രുതയുടെ പേരിൽ മുൻപ് അനൗദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇരു രാജ്യത്തെ അധികൃതരും നടത്തിയിട്ടില്ല, ഇന്നേവരെ കൊമേർഷ്യൽ സർവ്വീസുകൾ ഇരു രാജ്യങ്ങളും നടത്തിയിട്ടുമില്ല. ഗാസയിലെ പലസ്തീൻ ആരോഗ്യവിഭാഗം അധികൃതർ യു.എ.ഇയുടെ ഈ നീക്കത്തെ കുറിച്ച് അറിവില്ലെന്ന് പ്രതികരിച്ചു. പലസ്തീന് ഗാസയിലോ വെസ്റ്റ് ബാങ്കിലോ വിമാനത്താവളങ്ങളില്ലാത്തതിനാൽ ഇസ്രയേൽ വഴിയാണ് പലസ്തീനിലേക്കുള്ള വ്യോമയാന ഗതാഗതം നടത്തുന്നത്.