ചിരകാലസുഹൃത്തും, മോഹൻലാലിനെ നായകനാക്കി ഏറ്റവുമധികം ഹിറ്റുകളൊരുക്കിയ സംവിധായകനുമാണ് പ്രിയദർശൻ. കൂട്ടുകാരനും നടനുമായ ലാലിനെക്കുറിച്ച് പ്രിയദർശന്റെ വാക്കുകൾ
ഇന്ത്യയിലെ ഏറ്റവും നല്ല നടൻ ആരാണെന്ന് ചോദിച്ചാൽ മോഹൻലാൽ എന്നാണ് എന്റെ ഉത്തരം. ലാലിന്റെ അഭിനയ ജീവിതത്തിന്റെ വളർച്ച അടുത്തു നിന്ന് കണ്ട ഒരാളെന്ന നിലയിൽക്കൂടിയാണ് ഈ വിലയിരുത്തൽ.മോഹൻലാലിനെ ആദ്യമായി കണ്ട ദിവസം ഏതാണെന്ന് ഓർമ്മയില്ല. വളരെ ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ചുവളർന്നവരാണ് ഞങ്ങൾ. എന്റെ അമ്മയും ലാലിന്റെ അമ്മയും സുഹൃത്തുക്കളായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ അമ്മയ്ക്കൊപ്പം ലാലിന്റെ വീട്ടിൽ പോയിട്ടുണ്ട്. അല്പം കൂടി വളർന്നപ്പോൾ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള മണ്ഡപത്തിലാണ് ഞങ്ങളെല്ലാം ക്രിക്കറ്റ് കളിക്കാൻ ഒത്തുചേർന്നിരുന്നത്. പ്രായത്തിൽ എന്നെക്കാളും ഇളയതാണ് ലാൽ. എന്റെ അനിയത്തിയോടൊപ്പമാണ് പഠിച്ചത്. കളിക്കാൻ വരുമ്പോൾ ജൂനിയർ, സീനിയർ എന്ന വേർതിരിവൊന്നും ഇല്ലല്ലോ. എല്ലാവരും കൂട്ടുകാരായി മാറില്ലേ. അങ്ങനെ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായി. അക്കൂട്ടത്തിലേക്ക് വേറെയും പ്രിയപ്പെട്ടവർ കടന്നുവന്നു, വലിയൊരു സുഹൃദ് വലയം രൂപപ്പെട്ടു. ആ സൗഹൃദം കോളേജിലേക്കും സിനിമയിലേക്കും വളർന്നു.
ചെറുപ്പത്തിൽ തന്നെ പ്രതിഭയുള്ള കലാകാരനായിരുന്നു ലാൽ. പക്ഷേ, അക്കാലത്ത് ഗുസ്തിയോടായിരുന്നു കമ്പം . ഇഷ്ടപ്പെടുന്ന ഏത് കാര്യത്തിലും നൂറു ശതമാനം സമർപ്പിക്കുന്നതാണ് ലാലിന്റെ രീതി. അത് ഗുസ്തിയായാലും സിനിമയായാലും.സിനിമയിൽ തുടക്കകാലത്ത് വില്ലൻ വേഷങ്ങളാണ് അവതരിപ്പിച്ചിരുന്നതെങ്കിലും അത്തരം കഥാപാത്രങ്ങളിൽ ഒതുങ്ങിപ്പോകേണ്ട നടനല്ല മോഹൻലാൽ എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് എങ്ങനെ നീ മറക്കും പോലുള്ള സിനിമകൾ ലാലിന് വേണ്ടിയെഴുതിയത്. ലാലിന്റെ സെൻസ് ഒഫ് ഹ്യൂമറിൽ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഗ്രൂപ്പിൽ എല്ലാവരും ആഗ്രഹിച്ചിരുന്നത് ലാലിന്റെ കമ്പനിയാണ്.
ഏത് സ്ഥലത്തേക്ക് കടന്നുചെന്നാലും അവിടെ ശ്രദ്ധാകേന്ദ്രമാകാൻ അന്നേ ലാലിന് കഴിഞ്ഞിരുന്നു. ഹ്യൂമറിലുള്ള ആ ടൈമിംഗ് സിനിമയിൽ ഉപയോഗപ്പെടുത്തുകയാണ് ഞാൻ ചെയ്തത്. കോമഡി രംഗത്തിൽ അഭിനയിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതാണ് ഒരു നടൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തിരക്കഥയുടെ പിൻബലമുണ്ടെങ്കിൽ വേറെന്തും ചെയ്യാം.ഞങ്ങളുടെ സിനിമാ ജീവിതത്തിന് പല ഘട്ടങ്ങളുണ്ട്. ബോയിംഗ് ബോയിംഗ്, ഹലോ മൈ ഡിയർ റോംഗ് നമ്പർ തുടങ്ങിയ ആദ്യകാല ചിത്രങ്ങളിൽ നിന്ന് താളവട്ടത്തിലേക്കും ചിത്രത്തിലേക്കും വരുമ്പോൾ എത്ര സങ്കീർണമായ ജീവിത മുഹൂർത്തവും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്ന തരത്തിലേക്ക് ലാൽ വളർന്ന് കഴിഞ്ഞിരുന്നു. മുമ്പ് പറഞ്ഞതുപോലെ അത്തരം അസാദ്ധ്യ പ്രകടനങ്ങൾ നടത്താനാവുന്ന ഒരു നടൻ ലാലിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ഒരുമിച്ച് കളിച്ചുവളർന്നൊരാളുടെ കഴിവ് നമ്മൾ അന്വേഷിച്ചറിയേണ്ട കാര്യമില്ലല്ലോ. ആ കഴിവ് ചൂഷണം ചെയ്തതാണ് സംവിധായകനെന്ന നിലയിൽ എന്റെ മിടുക്ക്.
മോഹൻലാൽ അഭിനയിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. കഥാപാത്രമായി പെരുമാറുന്നതാണ് ലാലിന്റെ രീതി. ഇതേക്കുറിച്ച് ചോദിക്കുമ്പോൾ തയ്യാറെടുപ്പുകളൊന്നും നടത്താറില്ലെന്നും കഥാപാത്രവും അതിന്റെ അന്തരീക്ഷവും മനസിൽ കിട്ടുമ്പോൾ അഭിനയിച്ച് പോകുന്നതാണെന്നുമാണ് ലാൽ പറയുന്നത്.അതെനിക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് ഒപ്പം എന്ന സിനിമ ചെയ്യുമ്പോഴാണ്. പല നടന്മാരും കണ്ണുകാണാത്തവരായി അഭിനയിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ലാലിന്റെ പ്രകടനം. ആദ്യ സീനുകളിൽ അഭിനയിക്കുമ്പോൾ തന്നെ ഇതാണ് ശരിയെന്ന് എനിക്ക് മനസിലായി. കാരണം ആ സിനിമ ചെയ്യുന്നതിന് മുമ്പ് ഞാൻ അന്ധരായ നിരവധി ആളുകളെ കണ്ടിരുന്നു. അവർ ഒരിക്കലും തപ്പി നടക്കുന്നവരല്ല. വളരെ ആത്മവിശ്വാസമുള്ളവരാണ്. ഇരുട്ട് മാത്രമേ അവർക്ക് പരിചയമുള്ളൂ.
ഈ ലോകം മുഴുവൻ തങ്ങൾ കാണുന്നതുപോലെയാണെന്ന് അവർ വിശ്വസിക്കുന്നു.
ഒപ്പത്തിലെ മോഹൻലാലിനെ കണ്ടാൽ അയാൾ അന്ധനല്ലെന്ന് ആരും പറയില്ല. കഥകളിയിലായാലും നാടകത്തിലായാലും സിനിമയിലായാലും വളരെക്കുറച്ച് നടന്മാർക്ക് മാത്രം കിട്ടുന്ന അനുഗ്രഹമാണത്. അങ്ങനെ നോക്കിയാൽ മോഹൻലാലിന് സമാനനായ നടൻ തിലകൻ ചേട്ടനാണ്. ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞാൽ അന്നു മുതൽ അദ്ദേഹം അതായി മാറും. വെറുതേ നടക്കുന്നത് പോലും ആ കഥാപാത്രത്തെ പോലെയായിരിക്കും.
മോഹൻലാലിനെ പോലുള്ള നടന്മാർക്കൊപ്പം ജോലി ചെയ്യുമ്പോൾ സംവിധായകർക്ക് കഥ മാത്രം രൂപപ്പെടുത്തിയാൽ മതി. അതെങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ച് വിഷമിക്കേണ്ടതില്ല. അവരുടെ കാര്യം അവർ നോക്കിക്കോളും. ഞാൻ മാത്രമല്ല സത്യനും ഫാസിലുമൊക്കെ ഈ രീതിയാണ് പിന്തുടർന്നതെന്ന് തോന്നുന്നു.മാത്രമല്ല മോഹൻലാൽ ഒരു വൺ ടേക്ക് ആക്ടറാണ്. ആദ്യത്തെ ടേക്കിൽ അദ്ദേഹം പൂർണമായും കഥാപാത്രമായി മാറും. പിന്നീടത് അനുകരിക്കാനുള്ള ശ്രമം വരും. അതുകൊണ്ട് കഴിയുന്നിടത്തോളം ആദ്യ ടേക്ക് തന്നെ ഓക്കെ ആക്കാൻ ശ്രമിക്കണമെന്ന് ലാൽ പറയാറുണ്ട്. 'രണ്ടാമത്തെ ടേക്കിൽ എനിക്ക് അഭിനയിക്കേണ്ടി വരും. ആദ്യടേക്കിൽ അതിന്റെ ആവശ്യമില്ല." ഒരു പെർഫോമറെ സംബന്ധിച്ച് അതൊരു വലിയ ഗുണമാണ്.
എന്റെ സിനിമകൾക്ക് ഭംഗിയും ജീവനുമുണ്ടാക്കിയത് ലാലിന്റെ സാന്നിദ്ധ്യമാണ്. അങ്ങനെയൊരാൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നേനെ. എന്റെ സിനിമാജീവിതം വിജയമായതിന്റെ 60 ശതമാനം ക്രെഡിറ്റും മോഹൻലാലിനാണ്.ഞങ്ങൾ ചെയ്ത സിനിമകളിൽ ഒന്നിന്റെ പോലും കഥ ഷൂട്ടിംഗിന് മുമ്പ് പൂർണമായി ലാലിനോട് പറഞ്ഞിട്ടില്ല. കഥയും കഥാപാത്രവും എന്താണെന്ന് അന്വേഷിക്കാതെ ഇത്രയും സിനിമകൾ ചെയ്തത് എന്നോടുള്ള വിശ്വാസം കാരണമാണ്. ആ വിശ്വാസം തെറ്റാതെ സൂക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതിന് പരമാവധി ശ്രമിച്ചിട്ടുണ്ട്.
വർഷങ്ങളുടെ അനുഭവ സമ്പത്ത് കൊണ്ട് നടന്മാരും സംവിധായകരും നന്നായി പരുവപ്പെടും. കാലവും പ്രായവും അനുഭവവും എല്ലാം പ്രകടനത്തെ സ്വാധീനിക്കും. സിനിമ പോലെ സാങ്കേതികമായി ഇത്രയേറെ മാറ്റങ്ങൾ സംഭവിക്കുന്ന മറ്റൊരു മേഖലയില്ല. ഇതെല്ലാം അപ്ഡേറ്റ് ചെയ്യുന്നവർക്ക് മാത്രമേ നിലനിൽക്കാൻ കഴിയുകയുള്ളൂ. ബ്ളെസിയുടെ തന്മാത്ര പോലൊരു സിനിമ അഭിനയജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഒരിക്കലും ലാലിന് ചെയ്യാനാവില്ല. നിരന്തരമായ ശ്രമം അതിന് പിന്നിലുണ്ട്.ലാലിന്റെ കരിയർ അതിന്റെ ഉയരങ്ങളിൽ നിൽക്കുകയാണ്. ഇനി ലഭിക്കുന്ന കഥാപാത്രങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. നല്ല സിനിമകൾ ലഭിക്കുന്നതാണ് ഒരു നടന്റെ ഭാഗ്യം. കഥാപാത്രങ്ങളെ തേടിപ്പോകാൻ അവർക്ക് കഴിയില്ല.