kidnapped

ഷാൻത്സി: ഹോട്ടലിന് മുന്നിൽ നിന്നും അജ്ഞാതനായ ഒരാൾ 1988ൽ തട്ടിയടുത്തതാണ് രണ്ട് വയസ്സുകാരൻ മാവോ യിനിനെ. അന്നുമുതൽ യിനിനെ അന്വേഷിക്കുകയാണ് അച്ഛനമ്മമാർ. ഒടുവിൽ ഫേഷ്യൽ റെകഗ്നേഷൻ സാങ്കേതികവിദ്യയിലൂടെ പൊലീസ് ഇപ്പോൾ 32 വർഷത്തിന് ശേഷം 34 വയസ്സുകാരനായ മാവോ യിനിനെ കണ്ടെത്തി. ചൈനയിലെ സെൻട്രൽ ഷാൻത്സി പ്രവിശ്യയിലാണ് അത്യന്തം അത്ഭുതാവഹമായ ഈ കഥ നടന്നത്. തൊട്ടടുത്തുള്ള സിചുവാൻ പ്രവിശ്യയിലെ കുട്ടികളില്ലാത്ത ദമ്പതികൾക്കാണ് അന്ന് മാവോയെ തട്ടിയെടുത്തയാൾ പണം നൽകി കൈ മാറിയത്. ഇയാളുടെ വളർത്തമ്മയും വളർത്തച്ഛനും ഗു നിംഗ് നിംഗ് എന്ന് പേരിട്ട് അയാളെ വളർത്തി.

ചൈന ഒറ്റകുട്ടി നയം പ്രഖ്യാപിച്ച എൺപതുകളിൽ മുതൽ ആൺകുട്ടികളെ തട്ടിയെടുക്കുന്ന സംഭവങ്ങൾ ഇവിടെ സാധാരണമാണ്. എന്തായാലും തങ്ങളുടെ പ്രിയ മകനെ കണ്ടെത്തിയതോടെ മാവോ യിനിന്റെ അച്ഛനമ്മമാർ ആനന്ദ കണ്ണീരണിഞ്ഞു. കുട്ടിയെ കാണാതായതു മുതൽ അമ്മ ലി ജിങ്സി ജോലി ഉപേക്ഷിച്ച് കുട്ടിക്ക് വേണ്ടി ഉന്നതരുടെ ഉൾപ്പടെ അരികിലെത്തി സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ പുത്തൻ സാങ്കേതികവിദ്യ ഇവർക്ക് തുണയായി. ഹോം ഡെക്കറേഷൻ ജോലി നോക്കുന്ന മാവോ ഇപ്പോൾ ത്സിയാനിലുള്ള അച്ഛനമ്മമാരുടെ ഒപ്പം ജീവിക്കാൻ അവരുടെ അടുത്തേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.