റിയോ ഡി ജനീറോ: കൊവിഡിന്റെ വിളനിലമായി മാറിയ ബ്രസീലിൽ ഇന്നലെ മാത്രം 1,179 പേർ മരിച്ചു. ഇതുവരെയുള്ളതിലും വച്ച് ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. നിലവിൽ രോഗികളുടെ എണ്ണത്തിൽ നാലാമതാണ് രാജ്യം. ആകെ രോഗികൾ - 2,71,885.
അതേസമയം, മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് രോഗികൾക്ക് നൽകാൻ പ്രസിഡന്റ് ജെയിർ ബോൾസൊനാരോ നിർദ്ദേശിച്ചു.
റഷ്യയിൽ രോഗവ്യാപനം ശക്തമായി തുടരുന്നു. രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഇതോടെ രോഗികളുടെ എണ്ണത്തിൽ രാജ്യം ലോകത്ത് രണ്ടാമതായി. ഇന്നലെ മാത്രം 8,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന മരണം 100 കവിഞ്ഞു. ആകെ മരണം - 2,972.
ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർക്കിടയിൽ തന്നെ തർക്കം നിലനിൽക്കുന്നുണ്ട്. കൊവിഡ് ചികിത്സയ്ക്ക് ഇത് ഫലപ്രദമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല, പാർശ്വഫലങ്ങളുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. മരണം 3.25 ലക്ഷമായി. രോഗവിമുക്തരുടെ എണ്ണം 19 ലക്ഷം കവിഞ്ഞതാണ് ഏക ശുഭ വാർത്ത.
ഇതൊരു ബഹുമതി
അമേരിക്കയിൽ മാത്രം 15 ലക്ഷത്തിലധികം കൊവിഡ് രോഗികൾ. ആകെ മരണം ഒരു ലക്ഷത്തിനടുത്തെത്തി (93,542). എന്നാൽ ഈ പ്രതിസന്ധിയെ ബഹുമതിയായി കാണുന്നുവെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. 'ഒരു പരിധിവരെ നല്ല കാര്യമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്, കാരണം ഞങ്ങളുടെ പരിശോധന സംവിധാനം വളരെ മികച്ചതാണെന്ന് ഇത് അർത്ഥമാക്കുന്നു. രാജ്യത്ത് കൂടുതൽ കേസുകൾ സ്ഥിരീകരിക്കുന്നുവെന്നതിനർത്ഥം മറ്റേത് രാജ്യത്തേക്കാളും കൂടുതൽ രോഗ പരിശോധന ഇവിടെ നടക്കുന്നുവെന്നാണ്. കൂടുതൽ കേസുകൾ ഉള്ളത് ഒരു മോശം കാര്യമായി കാണുന്നില്ല '- ട്രംപ് പറഞ്ഞു.
ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ പ്രതിദിന മരണം 100ൽ ഒതുങ്ങി.
കേംബ്രിഡ്ജ് സർവകലാശാലയിൽ 2021 വരെ ക്ലാസുകൾ ഓൺലൈൻ വഴി നടത്തും.
കൊവിഡ് വാക്‌സിൻ വിജയകരമായി എലികളിൽ പരീക്ഷിച്ചെന്നും അടുത്ത വർഷത്തേക്ക് വാക്‌സിൻ തയ്യാറാകുമെന്നും തായ്‌ലാൻഡ്.
പോളണ്ടിൽ ജൂൺ അവസാനം വരെ സ്‌കൂളുകൾ തുറക്കില്ല.
ചൈനയിൽ 16 പുതിയ കേസുകൾ. ഇതിൽ 15 പേർക്ക് രോഗലക്ഷണങ്ങളില്ല.