ലാലേട്ടന്റെയും എന്റെയും
രതീഷേട്ടന്റെയും
തമ്പിച്ചായന്റെയും ജീവിതം മാറ്റിയ
കഥ അംബിക പറയുന്നു....
ചരിത്ര വിജയം സൃഷ്ടിച്ച സിനിമയാണ് രാജാവിന്റെ മകൻ. ലാലേട്ടന്റെയും എന്റെയും രതീഷേട്ടന്റെയും തമ്പിച്ചായന്റെയും ജീവിതം മാറ്റിയ സിനിമ. ആ സിനിമയിലെ വിൻസന്റ് ഗോമസാണ് എന്നും എന്റെ പ്രിയ ലാലേട്ടൻ കഥാപാത്രം.എല്ലാക്കാലത്തും മലയാളസിനിമയിലെ മാസ് കഥാപാത്രം.ആ കഥാപാത്രത്തിന് ഒരു ക്ലാസുണ്ടായിരുന്നു. ലാലേട്ടന്റെ സ്റ്റൈൽ, മീശ, നോട്ടം, വേഷം ഇതെല്ലാം ആരാധകർ നെഞ്ചിലേറ്റി. യഥാർത്ഥ അധോലോക നായകൻ തന്നെ. രാജാവിന്റെ മകനിൽ ലാലേട്ടൻ പറഞ്ഞ ഡയലോഗുകൾ സൂപ്പർ ഹിറ്റായി . മാസും ക്ളാസും ചേർന്ന വിൻസന്റ് ഗോമസ്. ക്ളൈമാക്സിൽ വിൻസന്റ് ഗോമസ് വെടിയേറ്റ് മരിക്കുകയാണ്. ജീവിക്കുന്നകഥാപാത്രം എന്നു പോലും വിശേഷിപ്പിക്കാം.
ഒരു കാലത്തിനും മായിക്കാനാവാത്ത സിനിമയാണ് രാജാവിന്റെ മകനും വിൻസന്റ് ഗോമസ് എന്ന കഥാപാത്രവും.വിൻസന്റ് ഗോമസായി ലാലേട്ടൻ ജീവിക്കുകയായിരുന്നെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. മാസ് സിനിമകളിൽ തിളങ്ങുമ്പോൾതന്നെ കോമഡി ചിത്രങ്ങളിലും ലാലേട്ടൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി. കോമഡി സിനിമയിലെ ലാലേട്ടനെയും എനിക്ക് ഇഷ്ടമാണ്. കിലുക്കം സിനിമയിലെ ജോജിയെ ആർക്കും മറക്കാൻ കഴിയില്ല. കിലുക്കത്തിനുശേഷം ഊട്ടി റെയിൽവേ സ്റ്റേഷനിൽ പോയവർ ഒരുപക്ഷേ ജോജിയെ പരതിയിട്ടുണ്ടാവും. അത്രമാത്രം മനോഹരമായാണ് ലാലേട്ടൻ ജോജി എന്ന കഥാപാത്രമായി മാറിയത്. ഭ്രമരം സിനിമയിലെ ശിവൻ കുട്ടി എന്ന കഥാപാത്രവും എനിക്ക് പ്രിയപ്പെട്ടത്. ക്ലൈമാക്സ് സീനിൽ മകളുടെ ശവ കുടീരത്തിലെ വൈകാരിക രംഗങ്ങൾ ആർക്കും മറക്കാൻ കഴിയില്ല. അഭിനയിക്കുകയില്ല ജീവിക്കുകയാണെന്ന് അപ്പോഴും തോന്നി.